19 September Wednesday

ആരോഗ്യ സംരക്ഷണപദ്ധതി തട്ടിപ്പ‌്: ഇന്ത്യൻ വനിതാ ഡോക്ടർക്ക‌് 63 മാസം തടവ‌ുശിക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ന്യൂയോർക്ക‌്

ആരോഗ്യ സംരക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട‌് തട്ടിപ്പ‌് നടത്തുകയും വ്യാജരേഖകൾ സമർപ്പിക്കുകയും ചെയ‌്ത ഇന്ത്യൻ വംശജയായ വനിതാ ഡോക്ടർക്ക‌് യുഎസ‌് കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. കാലിഫോർണിയയിലെ സറടോഗയിൽ സ്ഥിര താമസമാക്കിയ വിലാസിനി ഗണേഷിനെയാണ‌് 63 മാസം തടവിനും വൻതുക പിഴയൊടുക്കാനും ശിക്ഷിച്ചത‌്.

വിലാസിനി ഗണേഷിന്റെ ഭർത്താവ‌് ഗ്രിഗറി ബെൽച്ചറിന‌് നേരത്തെ ഒരു വർഷം ശിക്ഷ വിധിച്ചിരുന്നു. ജയിൽ മോചനത്തിനുശേഷം ഇരുവർക്കും മൂന്നുവർഷം നല്ലനടപ്പും വിധിച്ചിട്ടുണ്ട‌്. ഇതിനുപുറമെ 3,44,000 ഡോളർ പിഴയും ഒടുക്കണം.ആരോഗ്യസംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട‌് ഇൻഷുറൻസ‌് കമ്പനികളിൽ തെറ്റായ വിവരം നൽകിയതായി കോടതി കണ്ടെത്തി. സറടോഗയിൽ പ്രാക്ടീസ‌് നടത്തവെ വിലാസിനി ഗണേഷ‌് വ്യാജ മെഡിക്കൽ ക്ലെയിമുകൾ സമർപ്പിച്ചതിന്റെ രേഖ അധികൃതർ വിചാരണസമയത്ത‌് ഹാജരാക്കി. ചികിത്സിക്കാത്തവരുടേയും ബന്ധമില്ലാത്തവരുടേതുമായ രോഗികളുടെ ക്ലെയിമുകളും സമർപ്പിച്ച‌് തട്ടിപ്പ‌് നടത്തി. ചില രോഗികളെ മാസത്തിൽ 12 മുതൽ 15 തവണവരെ കണ്ട‌് ചികിത്സിച്ചതായി കാട്ടി ഇൻഷുറൻസ‌് കമ്പനികൾക്ക‌് ബിൽ നൽകിയിരുന്നു.

നവംബർ ഒന്നിന‌് തടവുശിക്ഷ ആരംഭിക്കും. എട്ടാഴ‌്ച നീണ്ട വിചാരണയ‌്ക്കുശേഷമാണ‌് ഇരുവരെയും ശിക്ഷിച്ചത‌്. ആരോഗ്യ തട്ടിപ്പ‌്, കളവ‌് മറയ‌്ക്കാൻ ശ്രമിക്കൽ, കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ‌് ശിക്ഷ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top