20 November Tuesday

ഇമ്രാൻഖാൻ സത്യപ്രതിജ്ഞ ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ഇസ്ലാമാബാദ‌് > പാകിസ്ഥാൻ പ്രധാനമന്ത്രിയായി പാക‌് ക്രിക്കറ്റ‌് ടീം മുൻ ക്യാപ‌്റ്റനും തെഹ‌്‌രികെ ഇൻസാഫ‌് പാർടി (പിടിഐ) നേതാവുമായ ഇമ്രാൻഖാൻ സത്യപ്രതിജ്ഞ ചെയ‌്ത‌് അധികാരമേറ്റു. ശനിയാഴ‌്ച രാവിലെ 9.30ന‌് രാഷ്ട്രപതിഭവനായ ഐവാനെ സദറിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ‌് മംമൂൻ ഹുസൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

വെള്ളിയാഴ‌്ച ദേശീയ അസംബ്ലി ചേർന്ന‌് ഇമ്രാൻഖാനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ ഇമ്രാന‌് 176 വോട്ട‌് ലഭിച്ചപ്പോൾ പാകിസ്ഥാൻ മുസ്ലിംലീഗ‌് സ്ഥാനാർഥി ഷഹബാസ‌് ഷെരീഫിന‌് 96 വോട്ടാണ‌് ലഭിച്ചത‌്. കഴിഞ്ഞ മാസം 25ന‌് നടന്ന തെരഞ്ഞെടുപ്പിൽ തെഹ‌്‌രികെ ഇൻസാഫ‌് പാർടി 270 സീറ്റിൽ 116 സീറ്റ‌് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒമ്പത‌് സ്വതന്ത്രരും ഇമ്രാന‌് പിന്തുണ നൽകി.

രാഷ്ട്രീയത്തിലെത്തി രണ്ട‌് ദശകം പിന്നിടുമ്പോഴാണ‌് അറുപത്തഞ്ചുകാരനായ ഇമ്രാൻഖാൻ പാകിസ്ഥാന്റെ 22﹣ാമത‌് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത‌്. അഴിമതിവിരുദ്ധ മുദ്രാവാക്യം ഉയർത്തിയാണ‌് ഇമ്രാൻഖാൻ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത‌്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും അഴിമതി തുടച്ചുനീക്കാനും പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന‌് സത്യപ്രതിജ്ഞാചടങ്ങിനുശേഷം ഇമ്രാൻഖാൻ പറഞ്ഞു.

മുൻ ഇന്ത്യൻ ക്രിക്കറ്റ‌് താരവും പഞ്ചാബിലെ കോൺഗ്രസ‌് നേതാവുമായ നവ‌്ജ്യോത‌്സിംഗ‌്സിദ്ദു, പാകിസ്ഥാൻ ക്രിക്കറ്റ‌് ടീം മുൻ നായകൻ വസീം അക്രം, റമീസ‌് രാജ, ഇമ്രാൻഖാന്റെ ഭാര്യ ബുഷ‌്റ മനേക, പാകിസ്ഥാൻ ആർമി ചീഫ‌് ജനറൽ ഖ്വമർ ജാവേദ‌് ബജ‌്‌വ തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിൽ സംബന്ധിച്ചു.
പാകിസ്ഥാൻ മുസ്ലിംലീഗ‌് നേതാവ‌് ഷഹബാസ‌് ഷെരീഫിനെ പ്രതിപക്ഷ നേതാവായി പിന്നീട‌് തെരഞ്ഞെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top