14 November Wednesday

ഹാര്‍വി കൊടുങ്കാറ്റ്; ഹൂസ്റ്റണ്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2017

ഹൂസ്റ്റണ്‍ > ഹാര്‍വി കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശംവിതച്ച ടെക്സാസിലെ ഹൂസ്റ്റണ്‍ പട്ടണം പൂര്‍വസ്ഥിതിയിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്ന് വിദഗ്ധര്‍. ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലും മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. നഗരത്തിന്റെ ശുചിത്വം വീണ്ടെടുക്കുന്നതിന് വിപുലമായ യജ്ഞം വേണ്ടിവരുമെന്ന് നഗരവികസന അധികൃതര്‍ പറഞ്ഞു.

ഹൂസ്റ്റണ്‍ നഗരത്തിന്റെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക്  590 കോടി ഡോളറിന്റെ അടിയന്തരഫണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുവദിച്ചു. എന്നാല്‍, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് 12,500 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. മഴ കുറഞ്ഞതിനാല്‍ നഗരത്തിലെ ജലനിരപ്പ് താണിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശുദ്ധജലവിതരണം മുടങ്ങിയതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചത്.  അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ശനിയാഴ്ചയോടെ ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും ലൂസിയാന നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. 1.2 ലക്ഷം ജനങ്ങളാണ് ലൂസിയാനയില്‍ താമസിക്കുന്നത്.

ടെക്സാസിലെ ഭൂരിഭാഗംപേര്‍ക്കും വെള്ളപ്പൊക്ക ഇന്‍ഷുറന്‍സ് ഇല്ലെന്നതും അധികൃതര്‍ക്ക് വെല്ലുവിളിയാണ്. 3.1 ലക്ഷംപേരാണ് ദുരിതാശ്വാസസഹായത്തിനായി അപേക്ഷിച്ചിരിക്കുന്നത്. മഴയിലും വെള്ളപ്പൊക്കത്തിലും ഒരുലക്ഷത്തോളം വീട് തകര്‍ന്നെന്നാണ് പ്രാഥമികനിഗമനം. പലയിടങ്ങളിലും വൈദ്യുതിസംവിധാനവും തകരാറിലായി. പതിനായിരക്കണക്കിനാളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുകയാണ്. കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 49 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

പ്രധാന വാർത്തകൾ
Top