24 September Monday

ഗാസയിലെ നൊമ്പരത്തിപ്പൂവ‌്

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ജറുസലേം
ശ്വാസംകിട്ടാതെ പിടഞ്ഞ കുഞ്ഞുലൈലയുടെ വിടർന്ന പച്ചക്കണ്ണുകൾ അവസാനമായി കണ്ടതെന്തായിരിക്കുമെന്ന ചിന്ത ലോകത്തിന്റെ നോവാകുകയാണ‌്. തൊട്ടുമുന്നിലെ കുരുന്നുമുഖങ്ങളെപോലും വെറുതെ വിടാത്ത യുദ്ധവെറിയന്മാരെ തുറന്നുകാട്ടുകയാണ‌് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ശ്വാസംമുട്ടി മരിച്ച ലൈല
ബന്ദോറെന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം. കഴിഞ്ഞദിവസം ഇസ്രയേൽ സൈന്യത്തിന്റെ ടിയർ ഗ്യാസ‌് പലസ്തീൻ പ്രക്ഷോഭകാരികളെ മൂടിയപ്പോൾ മുത്തശ്ശിയുടെ കൈകളിലായിരുന്നു ഈ കുരുന്ന‌്.ശ്വാസം കിട്ടാതെ പിടഞ്ഞ  കുരുന്നിനെ കൈയിലെടുത്ത‌് ആശുപത്രി വാർഡിൽ വിലപിക്കുന്ന അമ്മ മറിയത്തിന്റെ ചിത്രം ഇന്ന‌് ലോകത്തിന്റെ കണ്ണീർചിത്രമാകുകയാണ‌്.  തുർക്കിയിൽ കടലോരത്ത‌ടിഞ്ഞ ഐലൻ കുർദിയുടെ ചിത്രം

ലോകത്തെ ഞെട്ടിച്ചതുപോലെ ഇസ്രയേൽ യുദ്ധഭീകരതയ‌്ക്കെതിരെയുള്ള രാഷ്ട്രീയ പ്രതീകമായി ഈ ചിത്രവും മാറുന്നു. ജെറുസലേമിൽ അമേരിക്കൻ എംബസി തുറക്കുന്നതിനെതിരെ പലസ്‌തീൻ പ്രക്ഷോഭകാരികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനുനേരെയുള്ള ടിയർഗ്യാസ‌് പ്രയോഗത്തെ തുടർന്നാണ‌് ലൈല ശ്വാസംമുട്ടി മരിച്ചത‌്. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത എഴുപതോളം പലസ‌്തീനികളെയാണ‌് രണ്ടുദിവസത്തിനുള്ളിൽ ഇസ്രയേൽ കൂട്ടക്കുരുതിക്കിരയാക്കിയത‌്.  രണ്ടുവർഷം മുമ്പ‌് വീടിനുമുകളിൽ ഇസ്രയേൽ പ്രയോഗിച്ച ബോംബ‌് വീണ‌് സലിമെന്ന 26 ദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ ലൈലയുടെ അമ്മ മറിയത്തിന‌് നഷ്ടപ്പെട്ടിരുന്നു. അൽഷാതി പ്രവശ്യയിലാണ‌് കുടുംബം താമസിക്കുന്നത‌്. പലസ്‌തീൻ പതാകയിൽ  പൊതിഞ്ഞായിരുന്നു ലൈലയുടെ സംസ‌്കാരം. 
കഴിഞ്ഞ ദിവസം  പലസ്തീനിലെ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റു മരിച്ചപ്പോഴും ലോകത്തെങ്ങും വൻ പ്രതിഷേധമാണുയർന്നത‌്. ഗാസയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ  വെടിവയ‌്പിലാണ് 29 കാരനായ സലാഹ് കൊല്ലപ്പെട്ടത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top