13 November Tuesday

ഖത്തര്‍: ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ ചര്‍ച്ചയെന്ന് അയല്‍രാജ്യങ്ങള്‍

അനസ് യാസിന്‍Updated: Tuesday Aug 1, 2017

മനാമ > മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ തര്‍ക്കപരിഹാരത്തിനായി ഖത്തറുമായി സംവാദത്തിന് ഒരുക്കമാണെന്ന് അയല്‍രാജ്യങ്ങള്‍. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബഹ്റൈന്‍, സൌദി, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലാണ് സംവാദത്തിന് ഉപാധി മുന്നോട്ടുവച്ചത്. തങ്ങളുടെ പരമാധികാരത്തിനും അന്താരാഷ്ട്രനിയമത്തിനും അനുസൃതമായാണ് ഖത്തറിനിനെതിരെയുള്ള എല്ലാ നടപടിയുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കി. അറബ് സുരക്ഷയ്ക്കും ഭീകരത നേരിടുന്നതിനുമാണ് ഈ സഹകരണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങളെ രാജ്യങ്ങള്‍ പ്രശംസിച്ചു.

ഭീകരതയ്ക്കും തീവ്രവാദത്തിനും ധനസാഹായം നല്‍കുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതും അവസാനിപ്പിക്കാന്‍ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍ ഖത്തറുമായി സംവാദത്തിന് സന്നദ്ധമാണെന്ന് ബഹ്റൈന്‍ വിദേശ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. നമുക്ക് ശുഭാപ്തിവിശ്വാസത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ മുന്നോട്ടുവച്ച ആവശ്യങ്ങളോട് ഖത്തര്‍ പ്രതികരിക്കേണ്ടതുണ്ട്. കുവൈത്തിന്റെ ഒഴികെ ഒരു മധ്യസ്ഥതയും സ്വീകാര്യമല്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹജ്ജ് നിര്‍വഹിക്കുന്നതില്‍നിന്ന് ഖത്തര്‍സ്വദേശികളെ വിലക്കുമെന്ന വാര്‍ത്ത രാജ്യങ്ങള്‍ നിഷേധിച്ചു. ഖത്തര്‍ തീര്‍ഥാടകര്‍ സൌദിയില്‍ എത്തുന്നത് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ തള്ളുന്നതായി സൌദി വിദേശമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ ഖത്തര്‍തന്നെയാണെന്ന് യുഎഇ വിദേശമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായെദ് അല്‍ നെഹ്യാന്‍ പറഞ്ഞു. പ്രതിസന്ധി എത്രയുംവേഗം പരിഹരിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങളോട് ഖത്തര്‍ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ച മനാമയില്‍ നടക്കുന്ന യോഗത്തില്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക ഉപരോധത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതാരോപിച്ച് ജൂണ്‍ അഞ്ചിനാണ് രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചത്. പരിഹാരത്തിനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. പരിഹാരത്തിനായി 13 ഇന ആവശ്യങ്ങള്‍ അയല്‍രാജ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും ഖത്തര്‍ അംഗീകരിച്ചില്ല.

പ്രധാന വാർത്തകൾ
Top