22 September Saturday

ഓര്‍മയില്‍ ജ്വലിച്ച് ഫിദല്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 25, 2017

ഹവാന > വിപ്ലവ സൂര്യന്‍ ഫിദല്‍ കാസ്‌ട്രോയുടെ ഓര്‍മപുതുക്കി ലോകം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകവും ക്യുബയുടെ സ്വാതന്ത്ര്യസമര നായകനുമായ ഫിദല്‍ കാസ്‌ട്രോയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ശനിയാഴ്ച ലോകത്തിന്റെ വിവിധയിടങ്ങളില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. ക്യൂബയിലെ സ്‌കൂളുകളിലും ഓഫീസുകളിലും നഗര ഗ്രാമ വ്യത്യാസമില്ലാതെ കാസ്‌ട്രോയെ അനുസ്മരിച്ചു.

കാസ്‌ട്രോ അന്ത്യമ വിശ്രമം കൊള്ളുന്ന തെക്കുകിഴക്കന്‍ നഗരമായ സാന്റിയാഗോ ഡി ക്യുബയില്‍ നടന്ന അനുസ്‌മരണ പരപാടിക്ക് ഫിദലിന്റെ സഹോദരനും ക്യുബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ നേതൃത്വം നല്‍കി. ഹവാനയില്‍നടന്ന അനുസ്മരണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇവിടെയും റൗള്‍ കാസ്‌ട്രോ മുഖ്യാതിഥിയായി പങ്കെടുത്തു. 'ഫിദല്‍ ഞങ്ങളുടെ കൂടെയുണ്ട്.' തുടങ്ങിയ വാചകങ്ങളിലുള്ള ബാനറുകളും പ്ലകാര്‍ഡുകളിലും ക്യുബന്‍ നഗരങ്ങളില്‍ സ്ഥാനംപിടിച്ചു.

90ാം വയസില്‍, 2016 നവംബര്‍ 25നാണ് ഫിദല്‍ കാസ്‌ട്രോ വിടവാങ്ങിയത്. മരണശേഷം തന്റെഓര്‍മ നിലനിര്‍ത്താന്‍ സ്മാരകങ്ങള്‍ പണിയരുതെന്ന് ഫിദല്‍ ആവശ്യപ്പെട്ടിരുന്നു. ആ വാക്കുകള്‍ മുന്‍നിര്‍ത്തി ക്യുബയില്‍ ഫിദലിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി സ്മാരകങ്ങള്‍ ഒന്നുംതന്നെ നിര്‍മിച്ചിട്ടില്ല. തെരുവുകള്‍ക്കും റോഡുകള്‍ക്കും പേരും നല്‍കിയിട്ടില്ല. എന്നാല്‍ ക്യൂബന്‍ ജനതയുടെ മനസില്‍ ഇന്നും ഫിദല്‍ കാസ്‌ട്രോ പ്രകാശം പരത്തുകയാണ്. അതിന് തെളിവാണ് അനുസ്മരണ ദിനത്തിലെ ജനപങ്കാളിത്തം.

ക്യുബയ്ക്ക് പുറമെ നിക്വാരാഗ്വ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലും ഫിദല്‍ അനുസ്മരണ പരിപാടികള്‍ നടന്നു. നിക്വാരാഗ്വയില്‍ മനാഗ്വ ദേശീയ സര്‍വകലാശാലയില്‍നടന്ന അനുസ്മരണ സെമിനാറില്‍ യുനെസ്‌കോയിലെ മുന്‍ ക്യുബന്‍ അംഗം ഫ്രാന്‍സിസ്‌കോ ലകായ മുഖ്യാതിഥിയായി. മനാഗ്വയില്‍ ഫിദല്‍ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികളുടെ ബേസ്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ലാറ്റിനമേരിക്കയില്‍ ആരോഗ്യ മരുന്ന് രംഗത്ത് ഫിദല്‍ നല്‍കിയ സംഭാവനകളെ മാനിച്ച് മനാഗ്വ ദേശീയ കാര്‍ഷിക സര്‍വകലാശാലയില്‍ ഔഷധസസ്യങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.

റുബന്‍ ഡാരിയോ നാഷണല്‍ തിയേറ്ററില്‍ ചിത്രപ്രദര്‍ശനവും നടത്തി.അര്‍ജന്റീനയിലും ഫിദലിന്റെ ഓര്‍മപുതുക്കല്‍ ഉജ്വലമായി. ബ്യൂണസ് അയേഴ്‌സിലെ റോമ ഡി അവലനദ തിയേറ്ററില്‍ സാംസ്‌കാരികപരിപാടി അരങ്ങേറി.
 

പ്രധാന വാർത്തകൾ
Top