26 September Wednesday

ട്രംപിന്റെ സാമ്പത്തിക ഉപദേഷ്‌ടാവ് ഗാരി കോഹൻ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018

വാഷിങ്‌‌‌‌ടൺ > അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹൻ രാജിവച്ചു. വ്യാപാരനയം സംബന്ധിച്ച്  ട്രംപുമായുണ്ടായ അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം.സ്വതന്ത്രവ്യാപാരത്തിന്റെ വക്താവാണ് കോഹൻ. ഉരുക്ക്, അലൂമിനിയം ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിർത്താണ് ഗാരി കൊഹന്റെ രാജി. തീരുവ വർധിപ്പിച്ചാൽ വിലവർധനയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ തീരുമാനത്തെ കൊഹൻ എതിർത്തു.

ഉരുക്ക് ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്താനാണ് ട്രംപ് ആലോചിക്കുന്നത്. ഇറക്കുമതിക്ക് ചുങ്കം ചുമത്തിയാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ചുങ്കം ചുമത്തിയേക്കും. ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ട്രംപ് നടപടിയുമായി മുന്നോട്ടുപോകുന്നതാണ് കോഹനെ ചൊടിപ്പിച്ചത്. രാജിവിവരം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. കഴിഞ്ഞവർഷം നടപ്പാക്കിയ നികുതിപരിഷ്കരണത്തിന് ട്രംപിന് വേണ്ട സഹായങ്ങൾ നൽകിയ ആളാണ് കോഹൻ. ഗോൾഡ്മാൻ സാച് ബാങ്കിന്റെ മുൻ പ്രസിഡന്റുകൂടിയാണ്. ട്രംപ് ഭരണകൂടത്തിൽനിന്ന് രാജിവയ്ക്കുന്ന പ്രധാനികളിൽ അഞ്ചാമത്തെയാളാണ് കോഹൻ. വാർത്താവിനിമയ മേധാവി ഹോപ് ഹിക്ക് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

പ്രധാന വാർത്തകൾ
Top