24 September Monday

ട്രംപ‌്‐ കിം കൂടിക്കാഴ‌്ച സാധ്യത സജീവം; കൊറിയൻ ഭരണാധികാരികൾ ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 27, 2018


സോൾ

അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും ഉത്തരകൊറിയൻ തലവൻ കിം ജോങ‌് അന്നും തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ‌്ച ട്രംപ‌് റദ്ദാക്കിയതിന‌ു പിന്നാലെ ഇരു കൊറിയകളുടെയും ഭരണാധികാരികൾ  ശനിയാഴ‌്ച കൂടിക്കാഴ‌്ച നടത്തി. ട്രംപ‌്‐  കിം കൂടിക്കാഴ‌്ച സംബന്ധിച്ചുണ്ടായ പ്രതിസന്ധിയാണ‌് പ്രധാനമായും ചർച്ചചെയ‌്തത‌്. കഴിഞ്ഞമാസം നടന്ന കൂടിക്കാഴ‌്ചയിലെടുത്ത സമാധാന ശ്രമങ്ങളിലുള്ള പുരോഗതി വിലയിരുത്താനാണ‌് വീണ്ടും കൂടിക്കാഴ‌്ച എന്നാണ‌് കൊറിയൻ മാധ്യമങ്ങൾ നൽകുന്ന സൂചന. രണ്ടു മണിക്കൂറോളം ഇരുവരും ചർച്ച നടത്തി.

 കൂടിക്കാഴ‌്ച സംബന്ധിച്ച വിശദവിവരങ്ങൾ ഞായറാഴ‌്ച മൂൺ ജെ ഇൻ പുറത്തുവിടും. കൊറിയൻ അതിർത്തിയിൽ അതീവ സുരക്ഷാ പ്രദേശത്തായിരുന്നു കൂടിക്കാഴ‌്ച നടന്നത‌്. അമേരിക്ക‐ഉത്തരകൊറിയ  കൂടിക്കാഴ‌്ച നടക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന‌് ട്രംപ‌് വെള്ളിയാഴ‌്ച പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഉത്തരകൊറിയയുമായി നടത്തിയ ഫോൺസംഭാഷണം ഫലപ്രദമായിരുന്നെന്നും പറഞ്ഞുറപ്പിച്ചതുപ്രകാരം ജൂൺ 12ന‌് സിംഗപ്പുരിൽവച്ചുതന്നെ ചർച്ച നടന്നേക്കാമെന്നും ട്രംപ‌് പറഞ്ഞു.

ആവശ്യമെങ്കിൽ തീയതി മാറ്റും‐ ട്രംപ് വ്യക്തമാക്കി. പിന്നാലെ ഇതിനെ ഇരുകൊറിയകളും സ്വാഗതം ചെയ‌്തു. ജൂൺ 12ന‌് സിംഗപ്പുരിലാണ‌് കിം‐ട്രംപ‌് കൂടിക്കാഴ‌്ച നിശ്ചയിച്ചിരുന്നത‌്. ഉത്തരകൊറിയ കഴിഞ്ഞദിവസം വിദേശമാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ആണവകേന്ദ്രം തകർത്തിരുന്നു.

ആണവകേന്ദ്രത്തിന്റെ പ്രധാനപ്പെട്ട മൂന്നു തുരങ്കവും മറ്റു കെട്ടിടങ്ങളും സ്ഫോടനത്തിൽ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ശനിയാഴ‌്ച പുറത്തുവിട്ടു. കിം ജോങ് അന്നിന്റെ നിർദേശപ്രകാരമാണ‌് ആണവപരീക്ഷണകേന്ദ്രം തകർത്തത്.

പ്രധാന വാർത്തകൾ
Top