21 September Friday

സാംസങ് വൈസ് പ്രസിഡന്റിന് അഞ്ചുവര്‍ഷം തടവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 26, 2017

സോള്‍ > സാംസങ് ഇലക്ട്രോണിക്സിന്റെ അനന്തരാവകാശിയും നിലവില്‍ കമ്പനി വൈസ് പ്രസിഡന്റുമായ ലീ ജെ യങ്ങിന് അഞ്ചുവര്‍ഷം തടവുശിക്ഷ. ദക്ഷിണകൊറിയയുടെ മുന്‍ പ്രസിഡന്റ് പക്് യുന്‍ ഹേക്ക് കൈക്കൂലിനല്‍കിയ കേസിലാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ശിക്ഷ വിധിച്ചത്.

ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ക്ക് പക് യുന്‍ ഹേയുടെ വിശ്വസ്തനായ ചോയ് സൂണ്‍ സില്ലിന് ലീ നാലുകോടി ഡോളര്‍ നല്‍കിയെന്ന് അന്വേഷണസമിതി കണ്ടെത്തി. അഴിമതി, കള്ളസാക്ഷ്യം നല്‍കല്‍ എന്നീ കുറ്റങ്ങളാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്.

2014മുതല്‍ ലീയുടെ പിതാവ് ഹൃദയസംബന്ധമായ രോഗംമൂലം കിടപ്പിലാണ്.
സാംസങ് ഗ്രൂപ്പില്‍ ലീ അനന്തരാവകാശിയായി എത്താന്‍ സര്‍ക്കാര്‍ഭാഗത്തുനിന്ന് പക് യുന്‍ ഹേ സഹായങ്ങള്‍ ചെയ്തുകൊടുത്തു. ഇതിന്റെ പ്രത്യുപകാരമായാണ് പണം നല്‍കിയത്. ലീക്കൊപ്പം സാംസങ്ങിലെ നാല് എക്സിക്യൂട്ടീവംഗങ്ങള്‍ക്കും ശിക്ഷ ലഭിച്ചു. വിധിയില്‍ അപ്പീല്‍പോകുമെന്ന് ലീയുടെ അഭിഭാഷകര്‍ അറിയിച്ചു.

അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പക് യുന്‍ ഹേ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തുപോയത്. പ്രസിഡന്റിനെതിരായ ആരോപണത്തെ തുടര്‍ന്ന് സോളില്‍ വന്‍ പ്രക്ഷോഭം നടന്നിരുന്നു.

പ്രധാന വാർത്തകൾ
Top