14 November Wednesday

കൊളംബിയൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌: ഇവാൻ ദുക്വെയും ഇടതുനേതാവ്‌ ഗുസ്‌താവോ പെട്രോയും രണ്ടാം റൗണ്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 30, 2018

മകളോടൊപ്പമെത്തിയ ഗുസ്‌താവോ പെട്രോ വോട്ട്‌ രേഖപ്പെടുത്തുന്നു

ബൊഗോത്ത > കൊളംബിയൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇവാൻ ദുക്വെയും ഇടതുപക്ഷ നേതാവ്‌ ഗുസ്‌താവോ പെട്രോയും രണ്ടാം റൗണ്ടിലേക്ക്‌ കടന്നു. രാജ്യത്തൊട്ടാകെ 11000 പോളിങ്‌ സ്‌റ്റേഷനുകളിലായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 53 ശതമാനം വോട്ടർമാരാണ്‌ വോട്ടവകാശം രേഖപ്പെടുത്തിയത്‌. ആകെ പോൾ ചെയ്‌ത വോട്ടിൽ ഇവാൻ ദുക്വെ 39 ശതമാനവും ഗുസ്‌താവോ പെട്രോ 25 ശതമാനവും വോട്ട്‌ നേടി രണ്ടാം റൗണ്ടിൽ കടന്നു. ജൂൺ പതിനേഴിനാണ്‌ ഇരുവരും നേർക്കുനേർ മാറ്റുരക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ്‌.

പ്രാദേശിക സമയം രാവിലെ എട്ടിന്‌ ആരംഭിച്ച വോട്ടെടുപ്പ്‌ വൈകിട്ട്‌ നാലിന്‌ അവസാനിച്ചു. ആഭ്യന്തര ആക്രമണങ്ങളുടെ ഭീഷണിയിൽ ഒന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

വലതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കൊളംബിയയിൽ രാഷ്‌ട്രീയമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തുകയാണ്‌ ഗുസ്‌താവോ പെട്രോ എന്ന ഇടതുപക്ഷ നേതാവ്‌ തന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലൂടെ. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലേക്ക്‌ കടന്ന ശേഷം അനുയായികളെ അഭിസംബോധനചെയ്‌ത പെട്രോ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. നമുക്ക്‌ വിജയിക്കാനാകും, നമുക്ക്‌ കൊളംബിയയുടെ ചരിത്രം തിരുത്തിക്കുറിക്കാം. ജനാധിപത്യത്തിന്റെ സന്ദേശമാണ്‌ കൊളംബിയ ലോകത്തിന്‌ നൽകിയിരിക്കുന്നത്‌. ‐ ഗുസ്‌താവോ പെട്രോ പറഞ്ഞു. താൻ വിജയിച്ചാൽ ബഹുസ്വരതയും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തുന്ന ഭരണമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. 2017ൽ മാത്രം കൊളംബിയയിൽ നൂറിലധികം മനുഷ്യാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.

യുവാവായിരിക്കുമ്പോൾ ഗറില്ലാ സമരപാതയിലൂടെ രാജ്യത്തിന്റെ വിമോചനത്തിനായി പ്രവർത്തിച്ച ഗുസ്‌താവോ പെട്രോ പിടിക്കപ്പെടുകയും പൊലീസ് മർദ്ദനത്തിനു ഇരയാവുകയും തുടർന്ന്‌ തടവിലാവുകയും ചെയ്‌തു. പിന്നീട്‌ ജനാധിപത്യത്തിന്റെ പാതയിലേക്ക്‌ മാറി സഞ്ചരിച്ച അദ്ദേഹം തലസ്ഥാന നഗരമായ ബൊഗോത്തയിലെ മേയറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഇടതുപക്ഷ‐പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ്‌ ഗുസ്‌താവോ പെട്രോ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. സാർവത്രിക പൊതുവിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉറപ്പുനൽകുന്നതാണ്‌ ഗുസ്‌തവോയുടെ പ്രകടന പത്രിക. അഴിമതിയും രാഷ്ട്രീയത്തിലെ പാരാമിലിറ്ററി മാഫിയാവൽക്കരണവും അവസാനിപ്പിക്കുമെന്നും നികുതി ഘടനയിലൂടെയുള്ള ഭൂപരിഷ്കരണം കൊണ്ടുവരുമെന്നും തന്റെ പ്രകടനപത്രികയിലൂടെ ഗുസ്‌താവോ വാഗ്‌ദാനം ചെയ്യുന്നു. ഗുസ്‌താവോയുടെ പ്രകടന പത്രികക്ക്‌ വോട്ടർമാരിൽ നിന്നും മികച്ച പിന്തുണയാണ്‌ ലഭിക്കുന്നത്‌. ഗുസ്‌താവോയുടെ അനുയായികളിൽ അധികവും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്‌.

ഒന്നാം ഘട്ട വോട്ടെടുപ്പപ്‌ കഴിഞ്ഞപ്പോൾ തന്നെ തെരഞ്ഞെടുപ്പ്‌ ക്രമക്കേട്‌ നടന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ അട്ടിമറി കൊളംബിയയിൽ സാധാരണ സംഭവമാണ്‌. വലതുപക്ഷ രാഷ്‌ട്രീയത്തിന്‌ തിരിച്ചടി നേരിടുമ്പോഴൊക്കെ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചും പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തിയും അധികാരം നിലനിർത്തിയ ചരിത്രമാണ്‌ കൊളംബിയയിലെ വലതുപക്ഷത്തിനുള്ളത്‌.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top