24 October Wednesday

ബ്രദർഹുഡ‌് തലവനടക്കം 66 പേർക്ക‌് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

കെയ്‌‌റോ > പൊലീസ‌് സ‌്റ്റേഷൻ ആക്രണക്കേസിൽ മുസ്ലിം ബ്രദർഹുഡ‌് തലവനടക്കം 66 പേർക്ക‌്  ജീവപര്യന്തം തടവ്. ഈജിപ‌്തിലെ  മിന്‍യയ പൊലീസ് സ്റ്റേഷനുനേരെ 2013 ആഗസ‌്തിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ബ്രദര്‍ഹുഡ് തലവൻ മുഹമ്മദ് ബാദിയടക്കമുള്ളവരെയാണ് ശിക്ഷിച്ചത്. ഈജിപ്‌തിൽ ജീവപര്യന്തം 25 വര്‍ഷത്തെ തടവാണ്.

നേരത്തെ ഈ കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിടുന്നതിനുമുമ്പ് 183 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എഴുനൂറോളം പേര്‍കൂടി വിചാരണ നേരിട്ടു. ഇവരില്‍ 66 പേര്‍ക്കാണ് ജീവപര്യന്തം. 288 പേരെ കുറ്റവിമുക്തരാക്കി. ആദ്യ വിചാരണയ്‌ക്കുശേഷം ആറുപേര്‍ മരിച്ചു. മറ്റുള്ളവര്‍ക്ക് മൂന്നു മുതല്‍ 15 വര്‍ഷംവരെയാണ‌് തടവ‌്.

2013 ജൂലൈയില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനു പിന്നാലെ അക്രമങ്ങള്‍ക്ക‌് അനുയായികളെ പ്രേരിപ്പിച്ചെന്ന കുറ്റമാണ് ബാദിക്കെതിരെ. ബ്രദര്‍ഹുഡിനെതിരെയുള്ള 35 കേസില്‍ ബാദി വിചാരണ നേരിടുന്നുണ്ട്. ചില കേസില്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചെങ്കിലും മേല്‍ക്കോടതി തടഞ്ഞു. ബ്രദര്‍ഹുഡുമായി ബന്ധമുള്ള ആയിരത്തിലേറെ സംഘടനകളുടെ സ്വത്ത‌് മരവിപ്പിച്ച‌് സെപ‌്തംബർ 11ന് ഈജിപ്ഷ്യന്‍ ജുഡീഷ്യല്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു.


പ്രധാന വാർത്തകൾ
Top