23 October Tuesday

സാമ്രാജ്യത്വ ഗൂഢാലോചന ഫലിച്ചില്ല; വെനിസ്വേലയില്‍ വന്‍ വിജയം നേടി മഡൂറോ

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

കാരക്കാസ്  > വെനിസ്വേലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും വന്‍ വിജയം നേടി നിക്കോളാസ് മഡൂറോ. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് വോട്ടര്‍മാര്‍ പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണാഹ്വാനം തള്ളി ഒഴുകിയെത്തിയതോടെ മഡൂറോയുടെ മിന്നും വിജയത്തിന് അത് വഴിവയ്ക്കുകയായിരുന്നു.

34,000 കേന്ദ്രത്തിലായി രണ്ടുകോടിയോളം വോട്ടര്‍മാര്‍ ഉത്സവാന്തരീക്ഷത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയ തെരഞ്ഞെടുപ്പിലാണ് എല്ലാ  ഗൂഢാലോചനയെയും തകര്‍ത്ത് വന്‍ വിജയം മഡൂറോ നേടിയത്.

46 ശതമാനം ജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താനായി എത്തിയത്. 67.7 ശതമാനം വോട്ടുനേടിയാണ് മഡൂറോ വീണ്ടും വെനിസ്വേലന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ബൊളിവിയന്‍  പ്രസിഡന്റ് ഇവോ മൊറെയില്‍സ് മഡൂറോയെ അഭിനന്ദിക്കുന്നു

ബൊളിവിയന്‍ പ്രസിഡന്റ് ഇവോ മൊറെയില്‍സ് മഡൂറോയെ അഭിനന്ദിക്കുന്നു



പ്രാദേശികസമയം രാവിലെ ആറിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. നിലവിലെ പ്രസിഡന്റും യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയുമായ നിക്കോളാസ് മഡൂറോ വന്‍ഭൂരിപക്ഷത്തോടെ വിജയം നേടുമെന്നു  തന്നെയായിരുന്നു ആദ്യ സൂചനകള്‍. ഹെന്റി ഫാല്‍കോണ്‍, ജാവേര്‍ ബെര്‍ക്കുക്കി, റെയ്‌നാള്‍ഡോ ക്വിജഡ എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

പ്രതിപക്ഷപാര്‍ടികളുടെ  അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കിയത്. ജനാധിപത്യം സംരക്ഷിക്കാന്‍ രാജ്യത്തെ 18 രാഷ്ട്രീയപാര്‍ടികളില്‍ 14 എണ്ണവും എത്തിച്ചേര്‍ന്ന ഉടമ്പടിയെ തുടര്‍ന്നാണ്  മാതൃകാപരവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, പരാജയം ഉറപ്പായ പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബഹിഷ്‌കരണം പ്രഖ്യാപിച്ചു.


പ്രസിഡന്റ് മഡൂറോ ഞായറാഴ്ച രാവിലെ കാരക്കാസില്‍ വോട്ടുചെയ്തു. അമേരിക്കന്‍ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്താണ് നടന്നതെന്നും സര്‍ക്കാര്‍വിരുദ്ധശക്തികളുടെ അതിക്രമത്തെയും ഭീഷണിയെയും നേരിട്ട് നിര്‍ഭയം വോട്ടുചെയ്തവര്‍ സര്‍ക്കാരിനെ മാനിക്കുന്നുവെന്നും മഡൂറോ പറഞ്ഞു.തെരഞ്ഞെടുപ്പ് വിലയിരുത്താനെത്തിയ  150 അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ (സിഎന്‍എ) പ്രസിഡന്റ് തിബാഷെ ലൂസീന നന്ദി പ്രകടിപ്പിച്ചു.

 വിവിധ രാജ്യങ്ങളിലെ  എംബസികളിലും മികച്ച പോളിങ് നടന്നുവെന്ന് വിദേശമന്ത്രി ജോര്‍ജ് അര്‍റേസ അറിയിച്ചു. മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ കീഴില്‍ ഗവര്‍ണറായിരുന്നു മഡൂറോയുടെ പ്രധാന എതിരാളി ഹെന്റി ഫാല്‍ക്കണ്‍.

അമേരിക്കയും യൂറോപ്പും ഏര്‍പ്പെടുത്തിയ മനുഷ്യത്വഹീനമായ ഉപരോധങ്ങള്‍ക്കിടയിലും ലോകത്താദ്യമായി ഇലക്ട്രോണിക് ക്രിപ്റ്റോ കറന്‍സി ആവിഷ്‌കരിച്ച് സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചതും സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കിയതും ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രസിഡന്റ് മഡൂറോക്ക് നേട്ടമാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.  മഡൂറോയുടെ വിജയത്തില്‍ ആശംസകളര്‍പ്പിച്ച് ബൊളിവിയന്‍  പ്രസിഡന്റ് ഇവോ മൊറെയില്‍സ് ട്വീറ്റ് ചെയ്തു.
 

 

 

പ്രധാന വാർത്തകൾ
Top