23 April Monday

കാബൂളിൽ ചാവേറാക്രമണം; 29 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

കാബൂൾ > അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സഖി ആരാധനാലയത്തിൽ ചാവേറാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. 52 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. പുതുവർഷാഘോഷമായ നൗറൂസിന്റെ തുടക്കത്തിൽ നൂറുകണക്കിന് വിശ്വാസികൾ തടിച്ചുകൂടിയ സമയത്താണ് ആക്രമണം നടന്നത്. ദേഹത്ത് സ്ഫോടകവസ്തുക്കൾ കെട്ടിവച്ച ചാവേർ ആൾക്കൂട്ടത്തിലേക്ക് നടന്നടുത്തെന്നും പൊലീസ് തടഞ്ഞപ്പോൾ പൊട്ടിത്തെറിച്ചെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റു.

ഷിയാ വിഭാഗത്തിൽനിന്നുള്ളവരാണ് ആക്രമണത്തിനിരയായവരിൽ ഏറെയും. അഫ്ഗാനിലെ ജനസംഖ്യയിൽ 15 ശതമാനം മാത്രമുള്ള ഷിയാകൾക്കെതിരായ വംശീയ ആക്രമണം വർധിച്ചുവരികയാണ്. നഗരത്തിന്റെ വടക്ക് കാബൂൾ സർവകലാശാലയോട് ചേർന്നുള്ള അലി അബാദ് ആശുപത്രിക്കുമുന്നിലാണ് ആക്രമണം നടന്നത്. കാബൂളിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിലൊന്നായ ഇവിടെ  ഇതിനുമുമ്പും നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2016 ഒക്ടോബറിൽ ആക്രമണത്തിൽ 14 പേരും 2011ൽ 59 പേരും കൊല്ലപ്പെട്ടു.

പ്രധാന വാർത്തകൾ
Top