Top
23
Wednesday, August 2017
About UsE-Paper

വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളി: ഒബാമ

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടണ്‍ > വര്‍ണവിവേചനം അമേരിക്കയ്ക്ക് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ചിക്കാഗോയിലെ മാക് കോര്‍മിക് പ്ളെയ്സില്‍ വിടവാങ്ങല്‍ പ്രസംഗത്തിലാണ്, അമേരിക്കയെ വിടാതെ പിടികൂടുന്ന വര്‍ണവിവേചനെത്തക്കുറിച്ച് വികാരനിര്‍ഭരമായി പരാമര്‍ശിച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മനസ്സുള്ള അമേരിക്കയാണ് ആവശ്യം. 

വര്‍ണവിവേചനം വലിയ വിഭാഗീയശക്തിയായി നിലനില്‍ക്കുന്നു. എന്നാല്‍, വംശീയബന്ധങ്ങള്‍ മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടു. എല്ലാ അര്‍ഥത്തിലും അമേരിക്ക ശക്തമായ മികച്ച രാജ്യമാണ്. ജനാധിപത്യം ലോകത്ത് വെല്ലുവിളി നേരിടുന്നുണ്ട്. മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ചിന്തിക്കാനാണ് പഠിക്കേണ്ടത്. മറ്റുള്ളവരെ ശ്രദ്ധിക്കാനും അവര്‍ പറയുന്നത് കേള്‍ക്കാനുമുള്ള മനസ്സുണ്ടാകണം.

ഒരു തവണകൂടി പ്രസിഡന്റ്സ്ഥാനത്ത് തുടരണമെന്ന് ആര്‍ത്തുവിളിച്ച അനുയായികളോട് അമേരിക്കയുടെ ഭരണഘടന അത് അനുവദിക്കുന്നില്ലെന്നായിരുന്നു ഒബാമയുടെ മറുപടി. സുഗമമായ അധികാര കൈമാറ്റമാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ മുഖമുദ്ര. എന്നാല്‍ അമേരിക്ക കടുത്ത സാമ്പത്തിക അസമത്വവും സാമൂഹ്യമായ പിന്നോക്കാവസ്ഥയും നേരിടുന്നുണ്ട്.  നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് ഒരിക്കല്‍പ്പോലും സൂചിപ്പിച്ചില്ലെങ്കിലും ഒബാമയുടെ വാക്കുകള്‍ പലപ്പോഴും ട്രംപിനെ ലക്ഷ്യംവച്ചു.

അമേരിക്കന്‍ മുസ്ളിങ്ങള്‍ക്കെതിരായ വിവേചനത്തെ താന്‍ ഒരു തരത്തിലും അനുകൂലിക്കില്ല. നമ്മള്‍ ഭയപ്പെട്ടാല്‍ ജനാധിപത്യം തകരും. സാധാരണ ജനം മുന്നിട്ടിറങ്ങുമ്പോള്‍, അവര്‍ ഒരുമിക്കുമ്പോള്‍, അവര്‍ ആവശ്യപ്പെടുമ്പോഴാണ് സമൂഹത്തില്‍ മാറ്റമുണ്ടാകുന്നതെന്നും ഒബാമ പറഞ്ഞു. ഭാര്യ മിഷേലിനെക്കുറിച്ചും വൈകാരികതയോടെയാണ് ഒബാമ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

മിഷേല്‍ തന്റെ ഭാര്യയോ കുട്ടികളുടെ അമ്മയോ മാത്രമല്ല. കഴിഞ്ഞ 25 വര്‍ഷമായി അവര്‍ തന്റെ ഏറ്റവും വലിയ സുഹൃത്താണ്. നിങ്ങള്‍ നിങ്ങളുടെ കടമ ഭംഗിയായും അന്തസ്സായും ചെയ്തു.

വൈറ്റ് ഹൌസ് ഏത് സാധാരണക്കാരനും പ്രാപ്യമായ അവസ്ഥയില്‍ നിങ്ങള്‍ എത്തിച്ചെന്നും മിഷേലിനോടായി ഒബാമ പറഞ്ഞു. ഇറാനുമായുള്ള ആണവകരാര്‍, ക്യൂബയുമായുള്ള ബന്ധം പുനഃസ്ഥാപിക്കല്‍, ആരോഗ്യ പദ്ധതികള്‍ തുടങ്ങി തന്റെ എട്ടുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.