11 December Tuesday
വെനസ്വേലക്ക് പിന്തുണയുമായി മറഡോണ

'പ്രിയ മഡൂറോ, മരണം വരെ ഞാന്‍ നിങ്ങള്‍ക്കൊപ്പം'

വെബ് ഡെസ്‌ക്‌Updated: Saturday Aug 12, 2017

കാരക്കാസ് > സാമ്രാജ്യത്വ ഭീഷണികള്‍ക്കെതിരെ നെഞ്ചുറപ്പോടെ പോരാടുന്ന വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് പിന്തുണയുമായി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ദ്യോഗോ മറഡോണ. 'മരണം വരെയും ഞങ്ങള്‍ ഷാവിസ്റ്റുകള്‍ തന്നെയാണ്. മഡൂറോ ആവശ്യപ്പെടുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍, സ്വതന്ത്ര വെനസ്വേലയ്ക്കു വേണ്ടി ഞാന്‍ പടയാളിയാകും. വിപ്ലവം വിജയിക്കട്ടെ' മറഡോണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലാറ്റിനമേരിക്കയുടെ വിപ്ലവനായകരോടുള്ള ആഭിമുഖ്യം തുറന്നു പ്രകടിപ്പിച്ചിട്ടുള്ള മറഡോണ പാശ്ചാത്യശക്തികളുടെ പിന്തുണയോടെ പ്രതിപക്ഷം വെനസ്വേലയില്‍ അട്ടിമറി നടത്താന്‍ തുനിയുന്ന ഘട്ടത്തിലാണ് മഡൂറോയ്ക്ക് പരസ്യ പിന്തുണ അറിയിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ മറഡോണയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി അമേരിക്കന്‍ പക്ഷപാതിയായ വെനസ്വേലന്‍ പ്രതിപക്ഷനേതാവ് ഹെന്റിക്യൂ കാപ്രിലെസ് രംഗത്തുവന്നു. കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി കാപ്രിലെസിനെ മറഡോണ നേരിട്ടു.

വെറും 15 ഡോളര്‍കൊണ്ട് ഒരുമാസം തള്ളിനീക്കേണ്ടിവന്നാല്‍ മറഡോണ മഡൂറോയെ പിന്തുണയ്ക്കില്ല എന്നായിരുന്നു വലതുപക്ഷനേതാവിന്റെ വിമര്‍ശനം. ഏഴു സഹോദരങ്ങളുള്ള വീട്ടില്‍ കഴിക്കാന്‍ പോലുമില്ലാതെ താന്‍ ജീവിച്ചിട്ടുണ്ടെന്നും 15 ഡോളറെങ്കിലും കിട്ടാന്‍ അക്കാലത്ത് കൊതിച്ചിട്ടുണ്ടെന്നും മറഡോണ മറുപടി പോസ്റ്റിട്ടു. 'എന്നെ ഒരിക്കലും ആര്‍ക്കും വാങ്ങാനാകില്ല' എന്നതാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസമെന്നും മറഡോണ പ്രതികരിച്ചു. കുട്ടിക്കാലത്ത് താന്‍ താമസിച്ച നാട്ടിമ്പുറത്തെ വീടിന്റെ ചിത്രവും മറഡോണ പോസ്റ്റ് ചെയ്തു.

അമേരിക്കന്‍ പിന്തുണയോടെ കലാപത്തിലേര്‍പ്പെട്ട പ്രതിപക്ഷത്തിന്റെ അട്ടിമറിനീക്കങ്ങള്‍ക്ക് വെനസ്വേലന്‍ ജനത ബാലറ്റിലൂടെ കഴിഞ്ഞയാഴ്ച മറുപടി നല്‍കി. നിര്‍ണായക ഭരണഘടനാ പരിഷ്‌കാരത്തിനായി ദേശീയ ഭരണഘടനാ നിര്‍മാണസഭയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ ജനം പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേലക്കൊപ്പം നിന്നു. പ്രതിപക്ഷ പാര്‍ടികളുടെ ബഹിഷ്‌കരണാഹ്വാനത്തെയും അതിക്രമങ്ങളെയും അതിജീവിച്ച് എണ്‍പതുലക്ഷത്തിലധികം പേരാണ് വോട്ടുചെയ്തത്. വെനസ്വലന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച രണ്ടുതവണയും കാപ്രിലെസ് മഡൂറോയൊട് തോറ്റിരുന്നു.
 

പ്രധാന വാർത്തകൾ
Top