20 September Thursday

വർണവിവേചനം പകർത്തിയ ഫോട്ടോഗ്രാഫർ ഡേവിഡ‌് ഗോൾഡ‌്ബ്ലാട്ട‌് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


ജോഹന്നാസ‌്ബർഗ‌്

ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം ക്യാമറയിൽ പകർത്തിയ ഡേവിഡ‌് ഗോൾഡ‌്ബ്ലാട്ട‌് (87) അന്തരിച്ചു. തീർത്തും ലളിതമായ ഫോട്ടോകളിലൂടെ ഒരു ജനതയുടെ ജീവിതം വരച്ചുകാട്ടിയ ഗോൾഡ‌്ബ്ലാട്ട‌് ജോഹന്നാസ‌്ബർഗിനടുത്ത‌് റാൻഡ‌്ഫൊൺടെയ‌്നിൽ 1930ലാണ‌് ജനിച്ചത‌്. 18‐ാം വയസ്സിൽ ഫോട്ടോഗ്രഫിയുടെ ലോകത്തെത്തി. രാജ്യത്തെ വർണവിവേചനത്തെ നിശ്ശബ്ദമായി വരച്ചുകാട്ടുന്ന നിമിഷങ്ങൾ ഗോൾഡ‌്ബ്ലാട്ടിന്റെ ക്യാമറയിൽ പതിഞ്ഞു.

വെള്ളക്കാരനായ കൃഷിക്കാരന്റെ മകൻ വീട്ടിലെ കറുത്തവർഗക്കാരിയായ ജോലിക്കാരിക്കൊപ്പം നിൽക്കുന്ന 1964ലെ ചിത്രം ഏറെ ശ്രദ്ധേയമായി. അപ്പാർത്തീഡ‌് ഇറ എന്ന‌് അദ്ദേഹത്തിന്റെ ചിത്രങ്ങൾ അറിയപ്പെട്ടു. വെള്ളക്കാരെയും അവരുടെ വീട്ടിലും പറമ്പിലും ജോലിചെയ്യുന്ന കറുത്തവർഗക്കാരെയും പറ്റി നിരവധി അഭിമുഖങ്ങളിൽ അദ്ദേഹം പറയുകയുമുണ്ടായി.

ഓൺ ദി മൈൻസ‌്, സം ആഫ്രിക്കനേഴ‌്സ‌് ഫോട്ടോഗ്രാഫ‌്ഡ‌് എന്നീ പുസ‌്തകങ്ങളും രചിച്ചു. ലോകമെമ്പാടും ചിത്രങ്ങളുടെ പ്രദർശനവും നടത്തി. ഗോൾഡ‌്ബ്ലാട്ടിന്റെ ചിത്രങ്ങളുടെ ഏറ്റവും വലിയ ശേഖരം ജോഹന്നാസ‌്ബർഗിലെ ഗുഡ‌്മാൻ ഗ്യാലറിയിലാണ‌്. നിര്യാണത്തിൽ ഗ്യാലറി അധികൃതർ അനുശോചിച്ച‌ു.

പ്രധാന വാർത്തകൾ
Top