20 September Thursday

യുഎസ‌് പ്രകോപനം സമാധാനനീക്കത്തിന‌് തിരിച്ചടിയാകുന്നു; ഉച്ചകോടി ബഹിഷ‌്കരിക്കുമെന്ന‌് ഉത്തരകൊറിയ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

പ്യോങ‌്‌യാങ‌് > അമേരിക്കയുടെ പ്രകോപനകരമായ നടപടികൾ കൊറിയൻ ഉപദ്വീപീയമേഖലയുടെ സമാധാനനീക്കത്തിന‌് തിരിച്ചടിയാകുന്നു. അമേരിക്കയുടെ പ്രകോപനകരമായ പ്രസ‌്താവനകളും ദക്ഷിണകൊറിയക്കൊപ്പം ചേർന്ന‌് സംയുക്ത സൈനികാഭ്യാസത്തിനുള്ള നീക്കവുമാണ‌് സമാധാനനീക്കത്തിന‌് വിഘാതമാകുന്നത‌്. പ്രകോപനവുമായി മുന്നോട്ടുപോയാൽ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായുള്ള കിം ജോങ‌് അന്നിന്റെ ഉച്ചകോടിയിൽനിന്ന‌് പിന്മാറുമെന്ന‌് ഉത്തരകൊറിയ വ്യക്തമാക്കി. ദക്ഷിണകൊറിയയുമായി ബുധനാഴ‌്ച നിശ‌്ചയിച്ചിരുന്ന ഉന്നതതലയോഗം റദ്ദാക്കുകയുംചെയ്തു.

അമേരിക്കൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ‌് ജോൺ ബോൾട്ടന്റെ പ്രസ‌്താവനയാണ‌് ഉത്തരകൊറിയയെ ചൊടിപ്പിച്ചത‌്. കുടിലതന്ത്രങ്ങൾ നടപ്പാക്കാൻ അമേരിക്ക വീണ്ടുവിചാരമില്ലാത്ത പ്രസ‌്താവനകളിറക്കുകയാണെന്ന‌് ഉത്തരകൊറിയൻ ഉപ വിദേശമന്ത്രി കിം കീ ഗ്വാൻ പറഞ്ഞു. തങ്ങളെ ഒതുക്കാനും ഏകപക്ഷീയമായി ആണവായുധം ഉപേക്ഷിക്കണമെന്ന‌് ആജ്ഞാപിക്കാനുമാണ‌് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ അത‌് വിലപ്പോകില്ല. അത്തരം ചർച്ചകൾക്ക‌് താൽപ്പര്യവുമില്ല. ജൂൺ 12ന്റെ ഉച്ചകോടിയിൽ പങ്കെടുക്കുന്ന കാര്യം പുനരാലോചിക്കേണ്ടിവരും﹣ പ്രസ‌്താവനയിൽ പറഞ്ഞു.

കൊറിയൻ രാഷ്ട്രത്തലവന്മാർ തമ്മിലുള്ള ഉച്ചകോടിക്കുശേഷം ആണവനിരായുധീകരണത്തിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള നീക്കങ്ങളിൽ ഇരു രാജ്യങ്ങളും വ്യാപൃതരായിരുന്നു. ആണവപരീക്ഷണശാലകൾ പൂട്ടാനുള്ള നടപടി ആരംഭിച്ച ഉത്തരകൊറിയ ഇതിന‌് സാക്ഷിയാകാൻ വിദേശ മാധ്യമപ്രവർത്തകർക്ക‌് അവസരം നൽകുമെന്നും വ്യക്തമാക്കിയിരുന്നു. അമേരിക്കൻ വിദേശ സെക്രട്ടറി മൈക‌് പോംപിയോയുടെ സന്ദർശനത്തിനിടെ മൂന്ന‌് അമേരിക്കൻ തടവുപുള്ളികളെ മാപ്പുനൽകി വിട്ടയച്ചും ഉത്തരകൊറിയ മാതൃകയായി.  ഇതിനെയാകെ തകർക്കുന്നതാണ‌് അമേരിക്കയുടെ നടപടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top