Top
25
Tuesday, April 2017
About UsE-Paper

ചൂട് കടുക്കുന്നു; ആശങ്കയും

Saturday Jan 14, 2017
ദിലീപ് മലയാലപ്പുഴ

തിരുവനന്തപുരം > മകരം പിറന്നതോടെ സംസ്ഥാനത്ത് ചൂടും കനത്തു. വരുംദിവസങ്ങളില്‍ പകല്‍ താപനില കുതിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ഇടവപ്പാതിയും തുലാവര്‍ഷവും ഒരേപോലെ ചതിച്ചതിനാല്‍ അടുത്ത നാലുമാസം വേനല്‍ കടുത്തതായിരിക്കും. നദികളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ടു.

കിണറുകളില്‍ ജലനിരപ്പ് കുത്തനെ കുറയുകയാണ്. ഭൂഗര്‍ഭ ജലനിരപ്പ് അസാധാരണമാംവിധം കുറഞ്ഞു. ഡാമുകളും വറ്റിവരളുന്നു.
അടുത്തമാസം അവസാനത്തോടെ കേരളം ചുട്ടുപൊള്ളുമെന്നാണ് മുന്നറിയിപ്പ്. പകല്‍ താപനില  40 ഡിഗ്രി സെല്‍ഷ്യസിനുമുകളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്്. രാത്രി താപനിലയും ഉയരും. പാലക്കാടുപോലെയുള്ള ജില്ലകളിലാണ് സാധാരണ ഇത്തരം ചൂട് അനുഭവപ്പെടാറുള്ളത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാതസാധ്യതയും മുന്‍കാലത്തേക്കാള്‍ കൂടുതലായിരിക്കും. ഉഷ്ണതരംഗസാധ്യതയും ഏറെയാണെന്ന് മുന്നറിയിപ്പുണ്ട്.

നിലവില്‍ പകല്‍ താപനില ശരാശരി 33 ഡിഗ്രി സെല്‍ഷ്യസാണ്. വെള്ളിയാഴ്ച പുനലൂരില്‍ 35 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കണ്ണൂരില്‍ 34ഉം പാലക്കാട്ട് 33.4 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. രാത്രി താപനിലയില്‍ തിരുവനന്തപുരവും കോഴിക്കോടുമാണ് മുന്നില്‍. 23 ഡിഗ്രി സെല്‍ഷ്യസ്.
വേനല്‍ കണക്കിലെടുത്ത് ജല ഉപയോഗം കരുതലോടെ വേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലത്തിന്റെ ദുരുപയോഗം തടയാന്‍ വാട്ടര്‍ അതോറിറ്റിയും നടപടി സ്വീകരിച്ചു. ജലവിതരണത്തിനായി 11,210 കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. എണ്ണൂറോളം വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചു. 31ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.