Top
18
Monday, December 2017
About UsE-Paper

കാലവര്‍ഷത്തിന്റെ കുറവ് തുലാവര്‍ഷം നികത്തി

Wednesday Dec 16, 2015
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പെയ്തു തീരേണ്ട തുലാവര്‍ഷത്തിന് ദൈര്‍ഘ്യമേറുന്നതായി കാലാവസ്ഥാ പഠനം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറയുകയും ഒക്ടോബര്‍ മുതലുള്ള തുലാവര്‍ഷം കൂടുകയും ചെയ്യുന്നതാണ് സമീപകാല അനുഭവമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.  സംസ്ഥാനത്ത്  ഡിസംബര്‍ കാര്യമായ മഴയില്ലാത്ത കാലമായിരുന്നു. 

1990നു മുമ്പ്് ഡിസംബറില്‍ ശരാശരി 28 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചതെങ്കില്‍ പിന്നീടത് 41 മില്ലീമീറ്ററായി കൂടി. 1991ല്‍ 53 മീല്ലീമീറ്ററും 2011ല്‍ 59 മില്ലീമീറ്ററും മഴ ലഭിച്ചപ്പോള്‍ 2009 ഡിസംബറില്‍ 477മില്ലീമീറ്റര്‍ മഴ പെയ്ത് സര്‍വകാല റെക്കോഡായി. ഈ വര്‍ഷം ഡിസംബറില്‍  രണ്ടാഴ്ചക്കുള്ളില്‍ മഴ 50 മില്ലീമീറ്റര്‍ പെയ്തു. അറബിക്കടലില്‍ ശക്തികുറഞ്ഞെങ്കിലും ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ രണ്ടോ മൂന്നോ ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. എത്ര കുറഞ്ഞാലും ഇത്തവണ 100മില്ലീമീറ്ററെങ്കിലും മഴ കിട്ടുമെന്നാണ്  കണക്കാക്കുന്നത്. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തെ മഴ ശരാശരിയേക്കാള്‍ കൂടുതലാണ് ലഭിക്കുന്നത്. തുടര്‍ച്ചയായി എല്ലാ വര്‍ഷവും കൂടുതല്‍ മഴ ലഭിക്കാത്തതിനാല്‍ ശാസ്ത്രീയമായി ഇതു വിലയിരുത്തിയിട്ടില്ല.2015ല്‍ ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ കാലവര്‍ഷം ശരാശരിയേക്കാള്‍ 26 ശതമാനം കുറഞ്ഞത് ഉല്‍ക്കണ്ഠയുണ്ടാക്കിയിരുന്നു. കടുത്ത വരള്‍ച്ച പ്രതീക്ഷിച്ചിരിക്കെയാണ് തുലാവര്‍ഷം ഉയര്‍ന്നത്. വരള്‍ച്ചയുടെ കാഠിന്യം നിശ്ചയിക്കുക മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ വേനല്‍മഴയാണ്.

ഇതുവരെ ലഭിച്ച തുലാവര്‍ഷത്തില്‍ ശരാശരിയേക്കാള്‍ 23 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പാലക്കാട് 18 ശതമാനവും വയനാട്ടില്‍  20 ശതമാനവും ശരാശരിയേക്കാള്‍ കുറഞ്ഞപ്പോള്‍ മറ്റു ജില്ലകളില്‍ മെച്ചപ്പെട്ടു.എറണാകുളത്ത് 61 ശതമാനവും കണ്ണൂരില്‍ 51 ശതമാനവും തൃശൂരില്‍ ഒമ്പതു ശതമാനവും മഴ കൂടുതല്‍ കിട്ടി. ബംഗാള്‍ ഉള്‍ക്കടലിലേയും അറബിക്കടലിലേയും ന്യൂനമര്‍ദം, ന്യൂനമര്‍ദ പാത്തി, അന്തരീക്ഷ ചുഴലി, കിഴക്കന്‍കാറ്റ് തരംഗങ്ങള്‍ തുടങ്ങിയ അസ്ഥിരതകളാണ് മഴ ശക്തിപ്പെടുത്തുന്ന ഘടകങ്ങളെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളാണ് ചെന്നൈ പ്രളയത്തിനു കാരണമായത്.