15 November Thursday

ഉത്സവവേളയില്‍ നേട്ടമുണ്ടാക്കാന്‍ ആഡംബര കാറുകളും

വെബ് ഡെസ്‌ക്‌Updated: Sunday Oct 9, 2016

ഉത്തരേന്ത്യന്‍ ഉത്സവവിപണിയില്‍നിന്നു നേട്ടമുണ്ടാക്കുന്നതില്‍ ആഡംബര കാറുകളെന്നോ സാധാരണ കാറുകളെന്നോ വ്യത്യാസമില്ല. ഈ അവസരം പ്രയോജനപ്പെടുത്തുക എന്നതുതന്നെയാണ് ഔഡിയുടെ ക്യൂ 3യുടെ ഡൈനമിക് എഡിഷന്‍ ഇപ്പോള്‍ പുറത്തിറക്കിയതിനു പിന്നിലെ ലക്ഷ്യവും. ക്യൂ 3യില്‍ സൌന്ദര്യപരമായി നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് ഡൈനമിക് പുറത്തിറക്കിയിരിക്കുന്നത്.

മുന്നിലെ ലോവര്‍ ബമ്പര്‍മുതല്‍ ക്ളിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകളില്‍വരെ ഈ മാറ്റം ദൃശ്യമാണ്. മുന്‍ ഡോറില്‍ ഔഡി ലോഗോ പ്രൊജക്ഷന്‍ കാര്‍പെറ്റ് ലാമ്പുകള്‍, ലിപ് സ്പോയ്ലര്‍, സ്പോര്‍ട്ടി എയര്‍ ഇന്‍ലെറ്റ് കവര്‍ എന്നിവയാണ് പതിവു മോഡലില്‍നിന്നു ഡൈനമിക്കില്‍ സവിശേഷമായി കാണുന്നത്. ഏഴ് സ്പീഡ് എസ്ട്രോണിക് പ്രസരണശേഷിയുള്ള ടിഡിഐ എന്‍ജിനുമായി എത്തുന്ന ഡൈനമിക് മോഡല്‍ 39.78 ലക്ഷം രൂപ എന്ന എക്സ് ഷോറൂം വിലയ്ക്കാണ് ഡല്‍ഹിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ആഡംബര കാറുകള്‍ പരമാവധി കുറച്ചു പേര്‍ക്കു മാത്രം ലഭ്യമാക്കി അതിന്റെ മൈലേജ് നേടുക എന്ന ഉദ്ദേശ്യത്തോടെ 101 കാറുകള്‍ മാത്രമാണ് ഔഡി ഡൈനാമിക് മോഡലില്‍ പുറത്തിറക്കുന്നത്. 

ഔഡി ഡ്രൈവ് സെലക്ട്, ആവശ്യാനുസരണം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം, എംഎംഐ നാവിഗേഷന്‍ സംവിധാനം, വോയ്സ് ഡയലോഗ് സംവിധാനം, കൂടുതല്‍ മെച്ചപ്പെട്ട പിന്‍ക്യാമറയോടെയുള്ള പാര്‍ക്കിങ് സംവിധാനം എന്നിവയെല്ലാം ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. മൊബൈല്‍ സിഗ്നലുകള്‍ മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ഫോണ്‍ ബോക്സ് ഡൈനമിക്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 380 എന്‍എം ടോര്‍ക്കോടു കൂടിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍തന്നെയാണ് ഡൈനമിക് എഡിഷനിലും ഉള്ളത്.

പ്രധാന വാർത്തകൾ
Top