23 September Sunday

കരുത്തിനൊരു പര്യായം; അബാര്‍ത്ത് പുന്തോ

സി ജെ ഹരികുമാര്‍Updated: Saturday Oct 24, 2015

ഫിയറ്റിന്റെ ഏറെ അംഗീകരിക്കപ്പെട്ട പുന്തോയുടെതന്നെ പുതിയ വകഭേദമായ അബാര്‍ത്ത് പുന്തോ ഫിയറ്റ് ക്രിസ്ലറാണ് വാഹനലോകത്തേക്കെത്തിയ പുത്തന്‍താരം. ഹാച്ച്ബാക്കില്‍ത്തന്നെ വിരളമെന്ന പറയാവുന്ന 145 ബിഎച്ച്പി കരുത്താണ് വാഹനത്തിന്റെ പ്രധാനവിശേഷണം. 8.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ അബാര്‍ത്ത് പുന്തോയ്ക്ക് സാധിക്കും. 10 സെക്കന്‍ഡില്‍ത്താഴെ സമയംകൊണ്ട് 100 കിലോമീറ്റര്‍ വേഗം ആര്‍ജിക്കുന്ന രാജ്യത്തെ ആദ്യ ഹാച്ച്ബാക്കാണ് അബാര്‍ത്ത് എന്നാണ് അധികൃതരുടെ വാദം. 9.95 ലക്ഷമാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം പ്രകാരമുള്ള വില.

അബാര്‍ത്ത് ബ്രാന്‍ഡിലുള്ള അവഞ്ച്യൂറയും എഫ്സിഎയും അബാര്‍ത്ത് പുന്തോയ്ക്കൊപ്പം ഫിയറ്റ് നിരത്തിലെത്തിച്ചിട്ടുണ്ട്.1.4 ലിറ്റര്‍ ടി-ജെറ്റ് എന്‍ജിനാണ് അബാര്‍ത്ത് പുന്തോയിലുള്ളത്. 5 സ്പീഡ് മാനുവല്‍ഗിയര്‍ ബോക്സാണ് വാഹനത്തിനുള്ളത്. 2000 മുതല്‍ 4000 വരെ ആര്‍പിഎമ്മില്‍ 212 ന്യൂട്ടണ്‍ മീറ്റര്‍ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 190 കിലോമീറ്ററാണ്. ഇറ്റാലിയന്‍ മോഡല്‍ അബാര്‍ത്തിന്റെ അതേ ഡൈനാമിക്സും ഭാവങ്ങളുമാണ് അബാര്‍ത്ത് പുന്തോയ്ക്കുള്ളത്. 155 മില്ലിമീറ്ററാണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. മുന്നിലും പിന്നിലും അബാര്‍ത്ത് ലോഗോകള്‍ വ്യക്തമായി കാണാം.

ഹിപ് ഹോപ് ബ്ലാക്ക്, റെഡ് ഹൈലൈറ്റുകളോടെ പേള്‍, വൈറ്റ് എന്നീ രണ്ടുനിറങ്ങളില്‍ വാഹനം ലഭിക്കും. മുന്നിലും പിന്നിലും നല്‍കിയിരിക്കുന്ന ലോഗോ വാഹനത്തിന് ഒരു പരുക്കന്‍ സ്വഭാവവും നല്‍കുന്നുണ്ട്. ക്രോമിയം സ്ട്രിപ്പോടുകൂടിയ മുന്‍ഗ്രില്‍, ഫോഗ്ലാമ്പ് എന്നിവ വാഹനത്തിന് കൂടുതല്‍ രൂപഭംഗിയും പകരുന്നുണ്ട്. പിന്‍ലൈറ്റ് ഹൗസിങ്, ഡോര്‍ഹാന്‍ഡിലുകള്‍, എക്സ്ഹോസ്റ്റ് ടിപ്പ് എന്നിങ്ങനെയുള്ള സ്ഥാനങ്ങളിലെല്ലാം ക്രോം സാന്നിധ്യമുണ്ട.

തേളിനെ ഓര്‍മിപ്പിക്കുന്ന ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിങ്, സോഫ്റ്റ് ടച്ച് മുന്‍ ഡാഷ്ബോര്‍ഡ്, ആംബിയന്റ് ലൈറ്റ്, പിന്‍ എസി വെന്റുകള്‍, മുന്തിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയാണ് വാഹനത്തിന്റെ അകത്തളത്തിലെ വിശേഷങ്ങള്‍. കറുപ്പിനോടൊപ്പം അബാര്‍ത്ത് ലോഗോയിലള്ള മഞ്ഞ, ചുവപ്പ് നിറങ്ങളും ചേര്‍ന്നതാണ് കാറിന്റെ സീറ്റുകള്‍.

സ്റ്റിയറിങ് വീലിലും ലോഗോ നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള എയര്‍ബാഗുകളാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഉയര്‍ന്ന വേഗത്തിലും സ്ഥിരത ഉറപ്പുവരുത്താനായി ബ്രേക്കിങ്ങിനായി എബിഎസ്, ഇബിഡി സംവിധാനങ്ങളും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. വേഗത്തിലും കരുത്തിലുമാണ് പ്രധാന ശ്രദ്ധയെങ്കിലും മികച്ച മൈലേജും വാഹനത്തിന് നല്‍കാന്‍ സാധിക്കുന്നുണ്ട്. ലിറ്ററിന് 16.30 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

പ്രധാന വാർത്തകൾ
Top