13 November Tuesday

സ്മാര്‍ട്ടായി മാരുതി സിയാസ് ഹൈബ്രിഡ്

സി ജെ ഹരികുമാര്‍Updated: Sunday Sep 6, 2015

മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ മാരുതി സിയാസ് എസ്എച്ച്വിഎസ് മാരുതി സുസുക്കി വിപണിയിലിറക്കി. സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി എന്നാണ് എച്ച്എസ്വിഎസിന്റെ പൂര്‍ണരൂപം. 1.3 ലിറ്റര്‍ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ പതിപ്പിലാണ് ഹൈബ്രിഡ്സംവിധാനം ചേര്‍ത്തിരിക്കുന്നത്. പിന്‍ഭാഗത്ത് എസ്എച്ച് വിഎസ് എന്ന ബാഡ്ജ് ഒഴികെ സാധാരണ സിയാസുമായി പുതിയതിനു കാഴ്ചയില്‍ വലിയമാറ്റമില്ല.

സ്റ്റോപ്പ് സ്റ്റാര്‍ട്ട് സംവിധാനം, ബ്രേക്ക് എനര്‍ജി റീകൂപ്പറേഷന്‍, എന്‍ജിന്‍ പവര്‍ അസിസ്റ്റ് എന്നിവ ഉള്‍പ്പെട്ടതാണ് സിയാസിലുള്ള മൈക്രോ ഹൈബ്രിഡ് സംവിധാനം. വാഹനം ട്രാഫിക്സിഗ്നലിലോ മറ്റോ നിശ്ചിത സമയത്തിലധികം നിര്‍ത്തിയിട്ടാല്‍ എന്‍ജിന്‍ താനെ പ്രവര്‍ത്തനരഹിതമാവുകയും ക്ലച്ചില്‍ കാലമര്‍ത്തുമ്പോള്‍ വീണ്ടും എന്‍ജിന്‍ ഓണാകുകയുംചെയ്യുന്ന സംവിധാനമാണ് സ്റ്റോപ്പ് സ്റ്റാര്‍ട്ട്. വാഹനത്തിന്റെ ബ്രേക്കിങ്സമയത്ത് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ബാറ്ററി ചാര്‍ജ്ചെയ്യുകയും ആവശ്യമുള്ളപ്പോള്‍ എന്‍ജിന്‍ പവര്‍ അസിസ്റ്റ് നല്‍കുകയുംചെയ്യുന്നതാണ് വാഹനത്തിലെ മറ്റു സംവിധാനങ്ങള്‍.

കൃത്യസമയത്ത് ഗിയര്‍ഷിഫ്റ്റിങ് ഓര്‍മിപ്പിക്കുന്ന ഗിയര്‍ഷിഫ്റ്റിങ് ഇന്‍ഡിക്കേറ്ററും വാഹനത്തിന്റെ മറ്റൊരു മേന്മയാണ്. ഇത് ഇന്ധനക്ഷമത വര്‍ധിക്കാനും സഹായകമാണ്. ലിറ്ററിന് 28.09 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനംചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ഡീസല്‍കാര്‍ എന്ന ബഹുമതി സ്വന്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം. കീലെസ് പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, മുന്‍നിരയിലും പിന്‍നിരയിലും ആം റെസ്റ്റുകള്‍, റിവര്‍വ്യൂ പാര്‍ക്കിങ് ക്യാമറകള്‍. ഓട്ടോമാറ്റിക് എയര്‍കണ്ടീഷന്‍സംവിധാനം പിന്‍നിരയിലും തണുപ്പ് കുറയാതെ ഇരിക്കാന്‍ എസി വെന്റുകളും സിയാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

510 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്പെയ്സ്. ഡബിള്‍ വിജിഎ ടിഎഫ്ടി ഡിസ്പ്ലേയുള്ള സ്മാര്‍ട്ട്പ്ലേ ഇന്‍ഫോയ്ട്ടെന്റ്മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്ക് മുന്‍നിര യാത്രക്കാര്‍ക്കായി എയര്‍ബാഗുകളും എബിഎസ് ഇബിഡി ബ്രേക്കിങ്സംവിധാനവും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള ഡീസല്‍വകഭേദങ്ങള്‍ക്കുപകരമായി എത്തിയ ഹൈബ്രിഡ് സിയാസിന് ഡല്‍ഹി എക്സ്ഷോറൂം വിലപ്രകാരം 8.23 ലക്ഷം രൂപയാണ് പ്രാരംഭവില.

പ്രധാന വാർത്തകൾ
Top