18 September Tuesday

മാരുതി എസ് ക്രോസ് വിപണിയിലേക്ക്

സി ജെ ഹരികുമാര്‍Updated: Monday Jun 15, 2015

സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹന (എസ്യുവി) വിപണിയിലേക്ക് സാന്നിധ്യമറിയിച്ച് മാരുതിയുടെ സുസുകി എസ് ക്രോസ് വിപണിയിലെത്തി. മലേഷ്യയില്‍ നടന്ന ഐഫ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു എസ് ക്രോസിന്റെ ഔപചാരിക അരങ്ങേറ്റം. ജൂലൈയോടെ ഇന്ത്യയിലെ മാരുതി സുസുകി ഷോറൂമുകളിലും എസ് ക്രോസ് എത്തുമെന്നാണ് പ്രതീക്ഷ.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ എത്തുന്ന എസ് ക്രോസ് പുതുമകൊണ്ടും പെര്‍ഫോമന്‍സ്കൊണ്ടും വിപണി കീഴടക്കുമെന്നാണ് വിലയിരുത്തല്‍. വിദേശരാജ്യങ്ങളില്‍ മാത്രം പുറത്തിറക്കിയ സുസുകി എസ് ഫോര്‍ പ്ലാറ്റ്ഫോമിലാണ് എസ് ക്രോസിന്റെ നിര്‍മാണം. 4,300 എംഎം നീളമുള്ള കാറിന് 1,580 എംഎം ഉയരമാണുള്ളത്. 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ് വിദേശരാജ്യങ്ങളില്‍ വാഹനത്തിനുള്ളത്. എന്നാല്‍ ഇന്ത്യയിലെ സാഹചര്യം പരിഗണിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിക്കാനാണ് സാധ്യത.

പുതുതായി നിര്‍മിച്ച 1.6 ലീറ്റര്‍ നാല് സിലിന്‍ഡര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനോടെയാവും എസ് ക്രോസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുകയെന്നാണു സൂചന. പെട്രോള്‍ എന്‍ജിന് പരമാവധി 115 പിഎസ് കരുത്തും 156 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ടര്‍ബോ ഡീസല്‍ എന്‍ജിന്റെ പരമാവധി കരുത്താവട്ടെ 118 പിഎസും ടോര്‍ക്ക് 320 എന്‍എമ്മുമാണ്. പുതിയ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ക്കൊപ്പം മാനുവല്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഘടിപ്പിക്കാന്‍ അവസരമുണ്ടെങ്കിലും ഇന്ത്യയില്‍ മാനുവല്‍ ഗിയര്‍ബോക്സ് സഹിതം മാത്രമാവും എസ് ക്രോസ് ലഭ്യമാവുക. അലോയ് വീലും സണ്‍റൂഫ് അടക്കമുള്ള മറ്റ് ആധുനിക സംവിധാനങ്ങളും ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമാകും ലഭിക്കുക.

ഏഴുലക്ഷം രൂപമുതല്‍ 11 ലക്ഷം രൂപവരെയാകും എസ് ക്രോസിന്റെ ഡല്‍ഹി എക്സ് ഷോറൂം വില.ആകര്‍ഷകമായ ഫ്രണ്ട് ബമ്പറുകളും മുന്നിലും പിന്നിലും വശങ്ങളിലുമുള്ള ഫോക്സ് സ്കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകളും വാഹനത്തിന് കാഴ്ചയില്‍ എസ്യുവിയുടെ ഛായ തരുന്നുണ്ട്. ഫ്രണ്ട് ഗ്രില്ലിന്റെ മധ്യത്തില്‍ നല്‍കിയ മാരുതി എംബ്ലം വാഹനത്തിന് അധികസൗന്ദര്യവും ആകര്‍ഷകത്വവും നല്‍കുന്നു. പകലും പ്രകാശിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉള്‍പ്പെടുത്തിയാണ് ഹെഡ് ലാമ്പ് ഒരുക്കിയിരിക്കുന്നത്. മാരുതി സ്വഫ്റ്റിനോട് സാദൃശ്യമുള്ളതാണ് വാഹനത്തിന്റെ ഇന്റീരിയര്‍ സൗന്ദര്യം.

മള്‍ട്ടി ഫങ്ഷന്‍ സൗകര്യം നല്‍കുന്ന സ്റ്റിയറിങ് വീലും, മാരുതി സ്മാര്‍ട്ട് പ്ലേ ഇന്‍ഫോട്ടെയ്ന്റ്മെന്റ് സിസ്റ്റവുമാണ് വാഹനത്തിന്റെ മേന്മ. 430 ലിറ്റര്‍ സംഭരണശേഷിയാണ് വാഹനത്തിന്റെ ബൂട്ട് സ്പേസ്. കാറിന്റെ പിന്‍സീറ്റ് മടക്കിയാല്‍ സ്ഥലലഭ്യത ഉയരും. ഇന്റീരിയര്‍ സൗകര്യങ്ങളെക്കുറിച്ചും വാഹനത്തിന്റെ മൈലേജ് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top