Top
25
Saturday, March 2017
About UsE-Paper

ഹൈപ്പര്‍ലൂപ് വരുമോ?

Thursday Mar 9, 2017
വെബ് ഡെസ്‌ക്‌

പുതിയൊരു  സാങ്കേതികവിദ്യയെക്കുറിച്ചു കേട്ടാല്‍ ആദ്യം ഇതൊക്കെ നമ്മുടെ നാട്ടില്‍  എപ്പോഴെങ്കിലും വരുമോ എന്നാവും ആദ്യം ചോദിക്കുക. പല പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും ഇന്ത്യ വലിയ വിപണിയാണെന്ന തിരിച്ചറിവും ഇത്തരക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഹൈപ്പര്‍ ലൂപ് എന്ന യാത്രാസാങ്കേതികവിദ്യ. അമേരിക്കയിലെ നോര്‍ത്ത് ലാസ് വെഗാസില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. ഏതാനും മാസത്തിനുള്ളില്‍ അവിടെ ഇത് ആരംഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. കാത്തിരുന്നു കാണാം.   

സംഭവം എന്താണെന്നോ? മെട്രോ തീവണ്ടി കോച്ചുകള്‍പോലെയുള്ള വാഹനം. ‘പോഡ്‘ എന്നു വിളിക്കുന്ന ഈ ‘വാഹനം‘ സഞ്ചരിക്കുന്നത് ഒരു നിയര്‍ വാക്യൂം (near vacuum) ട്യൂബിനുള്ളില്‍. മാഗ്നെറ്റിക്ക് ലെവിറ്റേഷനോ എയര്‍ ബെയറിങ്ങോ ആകും ഈ വാഹനത്തിന്റെ പിന്നിലുള്ള സാങ്കേതികവിദ്യ. വാഹനത്തിന്റെ വേഗം വിമാനത്തേക്കാളും കൂടുതല്‍. ടെസ്ള കാറുകളും സ്പേസ് എക്സ് റോക്കറ്റുകളും ഒക്കെ പരിചയപ്പെടുത്തിയ എലോന്‍ മസ്ക് ആണ് ഈ സാങ്കേതികവിദ്യയുടെ പിന്നിലും.  ഹൈപ്പര്‍ ലൂപ് വണ്‍, ഹൈപ്പര്‍ലൂപ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസ് (HTT) എന്നീ രണ്ട് കമ്പനികള്‍കൂടി സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്നപോഡുകള്‍ നിരത്തിലിറക്കാന്‍‘(ക്ഷമിക്കണം. വാക്യൂമില്‍ ഇറക്കാന്‍) തയ്യാറെടുക്കുന്നു.

ഹൈപ്പര്‍ ലൂപ് ഇന്ത്യയില്‍ എത്തിക്കാന്‍ എച്ച്ടിടിയും  ഹൈപ്പര്‍ലൂപ് വണ്ണും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചിരിക്കുന്നു എന്നത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ഈ രണ്ട് കമ്പനികളും ഇന്ത്യയില്‍ ഏതൊക്കെ നഗരങ്ങളെ ബന്ധിപ്പിച്ചാണ് തങ്ങളുടെ സേവനങ്ങള്‍ തുടങ്ങേണ്ടത് എന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചെന്നൈബംഗളൂരു, മുംബൈ ഡല്‍ഹിയും  അടക്കം പല റൂട്ടുകളും രണ്ട് കമ്പനികളുടെയും ആദ്യപട്ടികയിലുണ്ട്.. ഹൈപ്പര്‍ ലൂപ് ലോകത്തിന്റെ പല ‘ഭാഗങ്ങളില്‍നിന്നുള്ള 120 റൂട്ടുകള്‍ ഒരു മത്സരംവഴി തെരഞ്ഞെടുത്തു. ഇതില്‍ ഇന്ത്യയില്‍നിന്നുള്ള അഞ്ച് റൂട്ടുകളില്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിവഴി ബംഗളൂരുവും  ഉണ്ട്. ഏകദേശം 260 കോടി രൂപയോളം ഒരോ കി.മി ഹൈപ്പര്‍ലൂപ് സജ്ജമാക്കാന്‍ വേണ്ടിവരും. അതുകൊണ്ട് വളരെ കരുതലോടെയാണ് ഈ കമ്പനികള്‍ റൂട്ടുകള്‍ തെരഞ്ഞെടുക്കുന്നത്.

വിവരങ്ങള്‍ക്ക്  https://hyperloop-one.com/, http://hyperloop.global, http://www.spacex.com/hyperloop  എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.