21 October Sunday

വിവരച്ചോർച്ച: ഗൂഗിൾ പ്ലസും പൂട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 10, 2018

ഫേസ്‌‌‌ബുക്കിന‌് പിന്നാലെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തിൽ കുടുങ്ങി ഗൂഗിളും. ഗൂഗിളിന്റെ സാമൂഹ്യമാധ്യമ വിഭാഗമായ ഗൂഗിൾ പ്ലസിൽനിന്നാണ‌് വിവരങ്ങൾ ചോർന്നത‌്. ഇതിനു പിന്നാലെ ഗൂഗിൾ പ്ലസ‌് അടച്ചുപൂട്ടുകയാണെന്ന‌് ഗൂഗിൾ പ്രഖ്യാപിച്ചു. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക‌് നയിച്ചെന്ന‌് ഗൂഗിൾ പറയുന്നു.

സാങ്കേതികപ്പിഴവ‌് മൂലമാണ‌് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക‌് ഡെവലപ്പർമാർക്ക‌് പ്രവേശനം ലഭിച്ചത‌്. എന്നാൽ, ഈ വിവരങ്ങൾ ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ‌്തിട്ടുണ്ടോ എന്ന‌് പുറത്തുവന്നിട്ടില്ല.  അഞ്ച‌ു ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായാണ‌് പ്രാഥമിക വിലയിരുത്തൽ‌. ഉപയോക്താക്കളുടെ ഇ മെയിൽ വിലാസം, ജനന തീയതി, ലിംഗഭേദം, പ്രൊഫൈൽ ഫോട്ടോ, തൊഴിൽ എന്നിവയാണ‌് സാങ്കേതികപ്പിഴവ‌് മൂലം പരസ്യമായത‌്.

എന്നാൽ, മറ്റു വിവരങ്ങളെ പിഴവ‌് ബാധിച്ചിട്ടില്ലെന്നാണ‌് ഗൂഗിൾ നൽകുന്ന വിശദീകരണം. ഉപയോക്താക്കളിൽ 90 ശതമാനവും അഞ്ച‌് സെക്കൻഡിൽ താഴെ മാത്രമാണ‌് ഗൂഗിൾ പ്ലസിൽ ചെലവിടുന്നത‌്. അതിനാലാണ‌് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന‌്  ഗൂഗിൾ അധികൃതർ പറഞ്ഞു.


പ്രധാന വാർത്തകൾ
Top