16 October Tuesday

യൂത്ത് അത്ലറ്റിക്സിന് ഇന്നു തുടക്കം ; ആദ്യ ദിനം 10 ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018


വഡോദര
15‐ാമത് യൂത്ത് അത്ലറ്റിക് മീറ്റിന് ഇന്നു തുടക്കം. ഗുജറാത്തിലെ വഡോദര മഞ്ചൽപുർ സ്പോർട്സ് കോംപ്ലക്സാണ് വേദി.  ഇന്നുമുതൽ മൂന്നുദിനം കൗമാര അത്ലീറ്റുകളുടെ ഉശിരൻ പ്രകടനങ്ങൾക്ക് വഡോദര സാക്ഷിയാകും. 24 സംസ്ഥാനങ്ങളിൽനിന്നായി 634 അത്ലീറ്റുകളാണ് മീറ്റിൽ പങ്കെടുക്കുക. 364 ആൺകുട്ടികളും 270 പെൺകുട്ടികളുമുണ്ട്. ഇരുവിഭാഗത്തിലും 20 ഇനങ്ങളിലാണ് മത്സരം. ആദ്യദിനം 10 ഫൈനലുകൾ അരങ്ങേറും.

ഹരിയാനയിൽനിന്ന് കിരീടം വീണ്ടെടുക്കാനാണ് കേരളം ഇറങ്ങുന്നത്. 61 അംഗങ്ങളാണ് കേരളത്തിന്. 36 പെൺകുട്ടികളും 25 ആൺകുട്ടികളും ഉൾപ്പെട്ടതാണ് കേരളസംഘം. അഭിഷേക് മാത്യുവും ജെ വിഷ്ണുപ്രിയയുമാണ് കേരളത്തിന്റെ ക്യാപ്റ്റൻമാർ. കഴിഞ്ഞവർഷം പെൺകുട്ടികളിലെ കിരീടം കേരളത്തിനായി ഓവറോൾ കിരീടം ഹരിയാന നേടി.

രാജ്യാന്തര മീറ്റുകളിൽ മികവുതെളിയിച്ച ഒരുപിടി അത്ലീറ്റുകളായാണ് കേരളം വഡോദരയിൽ എത്തിയത്. യൂത്ത് ഒളിമ്പിക്സിന് യോഗ്യത നേടിയ വിഷ്ണുപ്രിയയാണ് അതിൽ മുന്നിൽ. ബാങ്കോക്കിൽ നടന്ന യൂത്ത് ഒളിമ്പിക്സ് യോഗ്യതാ ട്രയൽസിൽ 400 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയാണ് വിഷ്ണുപ്രിയ ചരിത്രനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ നാലുവർഷമമായി 400 മീറ്റർ ഹർഡിൽസിൽ ചാമ്പ്യനാണ് വിഷ്ണുപ്രിയ. 100 മീറ്ററിൽ അപർണ റോയിയും കേരളത്തിന്റെ ഉറച്ച മെഡൽപ്രതീക്ഷയാണ്. അപർണയ്ക്കു പുറമെ രാജ്യാന്തര മീറ്റുകളിൽ ശോഭിച്ച  അഭിഷേക് മാത്യു, സാന്ദ്ര ബാബു എന്നിവരും കേരളത്തിനായി കുതിക്കും. ആൻസി സോജൻ (ലോങ്ജമ്പ്), സി ചാന്ദിനി (1500 മീറ്റർ), പ്രിസ്കില ഡാനിയേൽ (400 മീറ്റർ), ആർ ശ്രീലക്ഷ്മി (പോൾവോൾട്ട്), ഗായത്രി ശിവകുമാർ (ഹൈജമ്പ്) സി അഭിനവ് (100, 200) എന്നിവരും കേരളത്തിന്റെ പ്രധാന അത്ലീറ്റുകളാണ്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഒരുപറ്റം മികച്ച അത്ലീറ്റുകളുണ്ട്. നിസാർ അഹമ്മദ് (100), വികാസ് യാദവ് (ജാവലിൻ ത്രോ), ശ്രീകിരൺ, അനു കുമാർ (800), സി പ്രവീൺ (ട്രിപ്പിൾജമ്പ്), സഞ്ജയ് കുമാർ, സൂരജ് പൻവാർ (10,000 മീറ്റർ നടത്തം) എന്നിവർ ആൺകുട്ടികളിലും രാധാ ചൗധരി (3000), സീമ (800) എന്നിവർ പെൺകുട്ടികളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആദ്യദിനം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 3000 മീറ്റർ, ഡിസ്കസ് ത്രോ, പോൾവോൾട്ട്, 2000 മീറ്റർ സ്റ്റീപ്പിൾചേസ്, ആൺകുട്ടികളുടെ ജാവലിൻ ത്രോ, പെൺകുട്ടികളുടെ ഹൈജമ്പ് എന്നിവ നടക്കും. എസ് എസ് ആദിത്യയും സൽമാൻ ഫാറൂഖും 3000 മീറ്ററിൽ കേരളത്തിനായി ഇറങ്ങും. പോൾവോൾട്ടിൽ ആർ ശ്രീലക്ഷ്മി, നവന ലക്ഷ്മി, അഞ്ജന ജോൺസൺ, ഹൈജമ്പിൽ ഗായത്രി ശിവകുമാർ എന്നിവർ ഇന്നിറങ്ങും.

പ്രധാന വാർത്തകൾ
Top