19 November Monday

ഇംഗ്‌ളണ്ടിനെ വീഴ്ത്തി ബല്‍ജിയത്തിന് മൂന്നാം സ്ഥാനം (2-0)

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് > കളിമിടുക്കില്‍ ഏറെ മുന്നിലായിരുന്ന ബല്‍ജിയം മൂന്നാം സ്ഥാനപ്പോരില്‍ അനായാസ ജയം സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ നേട്ടം. രണ്ടു പകുതിയിലുമായി കുറിച്ച രണ്ടുഗോളുകള്‍ വിധിയെഴുതി. തോമസ് മ്യൂനിറും ഏദന്‍ ഹസാര്‍ഡുമാണ് സ്‌കോര്‍ ചെയ്തത്. 1986 ല്‍ ബല്‍ജിയം നാലാമതെത്തിയിരുന്നു. 

തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബല്‍ജിയം നാലാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ഇടതുവിങ്ങില്‍നിന്ന് നാസിര്‍ ചാഡ്‌ലി ഗോള്‍പോസ്റ്റിനു സമാന്തരമായി നല്‍കിയ മനോഹരമായ ക്രോസ് പിന്നില്‍നിന്ന് ഓടിക്കയറിയ മ്യൂനിര്‍ കാല്‍നീട്ടി വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് നിസ്സഹായനായി.

രണ്ടാം പകുതിയിലും ബല്‍ജിയം കളിയില്‍ ആധിപത്യം തുടര്‍ന്നു. ഡിബ്രയ്‌ന്റെ അതിഗംഭീര പാസ്സില്‍നിന്നാണ് ഹസാര്‍ഡിന്റെ മനോഹര ഗോള്‍. പോസ്റ്റിനു മുന്നില്‍വച്ച് എതിര്‍പ്രതിരോധത്തെ വെട്ടിച്ച് ഹസാര്‍ഡ് പോസ്റ്റിലേക്ക് തട്ടിയിട്ടപ്പോള്‍ പിക്ക്‌ഫോര്‍ഡ് ഒരിക്കല്‍കൂടി നിസ്സഹായനായി(2-0).

കളിയില്‍ ബല്‍ജിയം പൂര്‍ണ ആധിപത്യം പുലര്‍ത്തി. കടുത്ത ആക്രമണമായിരുന്നു ബല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് ടീമിന് ഓതിക്കൊടുത്ത തന്ത്രം. പ്രതിരോധത്തില്‍ കൂടുതല്‍പേരെ അണിനിരത്തിയാണ് ഇംഗ്ലണ്ട് വന്‍തോല്‍വി ഒഴിവാക്കിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ ഒന്നിച്ചു കളിച്ചവരുടെ കൂട്ടായ്മ ഈ കളിയില്‍ ഇംഗ്ലണ്ടിനു നഷ്ടമായി. ലോഫ്റ്റസ്ചീക്ക്, എറിക് ഡയര്‍, ഡാനി റോസ്, ഫാബിയന്‍ ഡെല്‍ഫ്, ഫില്‍ ജോണ്‍സ് എന്നിവരായിരുന്നു ആദ്യ ഇലവനില്‍ പുതുതായി വന്നത്. പ്രതിരോധത്തില്‍ വാക്കറിനു പകരം വന്ന ജോണ്‍സിന് മറ്റുള്ളവരുമായി ഇണങ്ങാനായില്ല.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top