17 December Monday

ജപ്പാന്റെ ഹീറോ ആയി 'ഹോണ്ട'; സെനഗലിനെ സമനിലയില്‍ തളച്ചു (2-2)

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

യെക്കതറിന്‍ബര്‍ഗ് > ആഫ്രിക്കയുടെ കരുത്തിന് ഏഷ്യയുടെ വേഗം മറുപടി നല്‍കിയപ്പോള്‍ 90 മിനിറ്റും ആവേശം നിറഞ്ഞുനിന്ന പോര് സമനിലയില്‍. ജപ്പാനും സെനഗലും രണ്ടു ഗോള്‍ വീതം നേടി ഓരോ പോയിന്റ് പങ്കിട്ടു. ഇതോടെ ഇരുകൂട്ടരും നാലുപോയിന്റുമായി ഗ്രൂപ്പില്‍ മുന്നില്‍ തുടര്‍ന്നു. 

തുടക്കത്തില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സെനഗല്‍ 12-ാം മിനിറ്റില്‍ ഗോളടിച്ചു. ലിവര്‍പൂള്‍ താരം സാദിയോ മാനെയായിരുന്നു ഗോളിനവകാശി. ജപ്പാന്‍ പ്രതിരോധം അങ്കലാപ്പിലായ നീക്കത്തില്‍ യൂസഫ് സബാലിയുടെ ഷോട്ട് ജപ്പാന്‍ ഗോളി ഈജി കവാഷിമ തട്ടിയകറ്റി. എന്നാല്‍, പന്തു ചെന്നുവീണത് മാനെയുടെ മുന്നില്‍. പിഴവുറ്റ ഷോട്ടിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍(1-0).

ഗോള്‍ വഴങ്ങിയതോടെ ജപ്പാന്‍ ആക്രമണം കടുപ്പിച്ചു. 34-ാം മിനിറ്റില്‍ ഈ അധ്വാനത്തിന് ഫലമുണ്ടായി. നാഗട്ടോമോ ഇടതുവിങ്ങിലൂടെ കയറിവന്ന് രണ്ട് സെനഗല്‍ താരങ്ങളെ കബളിപ്പിച്ച് താകാഷി ഇനൂയിക്ക് കൈമാറി. ഗോളി ഖാദിം എന്‍ഡോയിയെ കാഴ്ചക്കാരനാക്കി ഇനൂയി പന്ത് വലയിലാക്കി(1-1).

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജപ്പാന്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചു. അവസാന 20 മിനിറ്റ് സെനഗല്‍ താളം വീണ്ടെടുത്തു. മൂസ വാഗ്യു എന്ന പത്തൊമ്പതുകാരന്റെ കന്നി രാജ്യാന്തരഗോളിലുടെ അവര്‍ വീണ്ടും ലീഡ് നേടി(2-1). ഈ ഗോളിനു പിന്നാലെ ജപ്പാന്‍ പരിശീലകന്‍ വരുത്തിയ മാറ്റം നിര്‍ണായകമായി. കഗാവയ്ക്കു പകരം പരിചയസമ്പന്നനായ കിസുകി ഹോണ്ടയെ ഇറക്കി. മുന്നു മിനിറ്റിനകം ഹോണ്ട സമനില നേടിക്കൊടുത്തു(2-2). അവസാനഘട്ടത്തില്‍ ഇരുകൂട്ടരും ഗോളിനായി കിണഞ്ഞു ശ്രമച്ചെങ്കിലും ഫലമുണ്ടായില്ല.

ആദ്യ മത്സരത്തില്‍ 4-4-2 ശൈലിയില്‍ പോളണ്ടിനെ കീഴടക്കിയ സെനഗല്‍ മുന്നേറ്റത്തില്‍ സാദിയോ മാനെയെ മാത്രം നിര്‍ത്തിയാണ് ജപ്പാനെ നേരിട്ടത്. ഒരു മുന്നേറ്റക്കാരനെ മാത്രമാണ് ജപ്പാനും കളത്തിലിറക്കിയത്. ജയം അല്ലെങ്കില്‍ സമനില എന്നതായിരുന്നു ഇരുകൂട്ടരുടെയും ലക്ഷ്യം എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ നീക്കം. എന്നാല്‍, കളിമുറുകിയപ്പോള്‍ ഇരുവര്‍ക്കും ആക്രമണത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ. രണ്ടു വട്ടം ലീഡു നേടിയ സെനഗലിനെ ജപ്പാന്‍ പിടിച്ചുകെട്ടുകയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top