22 September Saturday

ലോകത്തെ പിടിച്ചുകുലുക്കിയ ഗോൾ; അതിശയോക്തിയല്ല, അക്ഷരാർഥത്തിൽ!

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

മെക്‌സിക്കോ സിറ്റി > മെക്‌സിക്കൻ താരം ഹിർവിങ്‌ ലൊസാനോ ലോക ചാമ്പ്യൻമാരായ ജർമനിക്കെതിരെ നേടിയ ഗോൾ ഒരു ഭൂചലനം തന്നെ സൃഷ്‌ടിച്ചു! കളിയെഴുത്തിലെ കാവ്യാത്മകതയല്ല, മെക്‌സിക്കൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതാണിക്കാര്യം.

ജർമൻ പ്രതിരോധം പിളർത്തി ലൊസാനോ ഗോളിലേക്ക്‌ നിറയൊഴിച്ച്‌ സെക്കൻഡുകൾക്കുള്ളിൽ മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയെന്ന്‌ ഭൗമഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജിയോളജിക്കൽ ആൻഡ്‌ അറ്റ്‌മോസ്‌ഫെറിക്‌ റിസർച്ച് ആണ്‌ കൗതുകകരമായ ഈ വിവരം പുറത്തുവിട്ടത്‌. മെക്‌സിക്കോ സിറ്റിയിലെ ആരാധകർ ഗോൾ ആഘോഷത്തിൽ തുള്ളിച്ചാടിയതാകാം കാരണമെന്നും അവർ പറയുന്നു. തുടർന്ന്‌ സർക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു.

മെക്‌സിക്കോ ഗോൾ നേടിയത്‌ ടിവിയിൽ കണ്ട 11:32നാണ്‌ (മെക്‌സിക്കൻ സമയം) റിക്‌ടർ സ്‌കെയിലിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്‌. അങ്ങനെയെങ്കിൽ അക്ഷരാർഥത്തിൽത്തന്നെ ‘ലോകത്തെ പിടിച്ചുകുലുക്കിയ’ ഗോളായാകും മെക്‌സിക്കോയുടെ ഗോൾ ചരിത്രത്തിൽ അറിയപ്പെടുക.

മെക്‌സിക്കൻ ആരാധകർ പാട്ടുപാടിയും നൃത്തംചെയ്‌തും പടക്കം പൊട്ടിച്ചും ജർമനിക്കെതിരായ വിജയം കൊണ്ടാടി. രാജ്യമെങ്ങും ആഘോഷങ്ങളായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top