21 November Wednesday

66 പോയിന്റ‌് നേടിയിട്ടും മാതിരപ്പിള്ളി പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018


കൊച്ചി
റവന്യൂ ജില്ലാ സ‌്കൂൾ മീറ്റിൽ എട്ട‌് സ്വർണം, എട്ട‌് വെള്ളി, രണ്ട‌് വെങ്കലം. ആകെ പോയിന്റ‌് 66. മീറ്റിൽ മികച്ച നേട്ടം കൈവരിച്ചിട്ടും മാതിരപ്പിള്ളി ഗവ. വിഎച്ച‌്എസ‌്എസ‌് പോയിന്റ‌് പട്ടികയിൽ പിന്നിൽ.സ്പോർട്സ‌് കൗൺസിലിനുകീഴിൽ പരിശീലനം നേടുന്ന വിദ്യാർഥികളുടെ മെഡൽനില സ്കൂളിന്റെ പോയിന്റിലേക്ക് ചേർക്കേണ്ടതില്ലെന്ന അധികൃതരുടെ നിലപാടാണ‌് മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടും പട്ടികയിൽ മാതിരപ്പിള്ളിയുടെ സ്ഥാനം പിന്നിലാകാനിടയായത‌്. മേള രണ്ട‌ു ദിവസം പിന്നിടുമ്പോൾ ഒൗദ്യോഗിക കണക്കിൽ സ‌്കൂളിന‌് രണ്ട‌് സ്വർണമാണ‌് രേഖപ്പെടുത്തിയിട്ടുള്ളത‌്. 12 പോയിന്റും. അതേസമയം, ഉപജില്ലയുടെ പോയിന്റിലേക്ക‌് സ‌്കൂളിന്റെ മെഡൽനില ചേർക്കുകയും ചെയ‌്തിട്ടുണ്ട‌്.

2017ൽ സംസ്ഥാനത്ത് നാലാംസ്ഥാനവും 2013 മുതൽ തുടർച്ചയായ അഞ്ചുവർഷങ്ങളിൽ റവന്യൂ ജില്ലയിൽ മൂന്നാംസ്ഥാനവും നിലനിർത്തിയ മാതിരപ്പിള്ളിയുടെ വിദ്യാർഥികൾ ആദ്യദിനംതന്നെ രണ്ട് സ്വർണവും അഞ്ച് വെള്ളിയും നേടിയെങ്കിലും പോയിന്റ‌് നിലയിൽ പൂജ്യമായിരുന്നു.സ‌്കൂളിൽ 26 വിദ്യാർഥികളാണ് കായികപരിശീലനം നേടുന്നത‌്. 16 പേർ കേരള സ്പോർട്സ് കൗൺസിലിന്റെ സ്പോർട്സ് ഹോസ്റ്റലിലേക്ക് മികച്ച പരിശീലനം ലക്ഷ്യമാക്കി മാറി. ഇവർക്ക് സബ്ജില്ലയിൽ മത്സരിക്കാനായില്ല. ഇതിനാൽ സ്കൂളിനെ പ്രതിനിധാനംചെയ‌്ത‌് 12 പേരാണ് സബ്ജില്ലാ മത്സരങ്ങളിൽ എത്തിയത്. ഇവരിൽ ആറുപേർ റവന്യൂജില്ലയിൽ മത്സരിക്കാനെത്തി.

സ്പോർട്സ് കൗൺസിലിനുകീഴിൽ പരിശീലനം നേടിയവർക്ക് നേരിട്ട് റവന്യൂ ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എന്നാൽ, സ്പോർട്സ് കൗൺസിലിന്റെ സഹായം കൈപ്പറ്റുന്നവരായതിനാൽ സ‌്കൂൾ പോയിന്റ‌് നിലയിലേക്ക് ഇവരുടെ മെഡലുകൾ പരിഗണിക്കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.


പ്രധാന വാർത്തകൾ
Top