17 November Saturday
ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ഗോള്‍മഴ; ഫ്രഞ്ച് മുന്നേറ്റത്തില്‍ അര്‍ജന്റീന പുറത്ത് (4-3)

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

മോസ്‌കോ>  റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രിക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഫ്രഞ്ച് പട അര്‍ജന്റീനയെ തകര്‍ത്തത്.ഇഞ്ചുറി ടൈമില്‍ അഗ്വിറോ ഗോള്‍ നേടിയെങ്കിലും  ഒരുഗോള്‍ ലീഡില്‍  ഫ്രാന്‍സ് വിജയിക്കുകയായിരുന്നു

പതിമൂന്നാം മിനിറ്റില്‍ പെനാള്‍ട്ടിയിലൂടെ ഫ്രാന്‍സായിരുന്നു ആദ്യ ഗോള്‍ നേടിയത്. ആന്റോണിയോ ഗ്രീസ്മാനിലൂടെയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്‌. ബോക്സില്‍ വെച്ച് എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്ന്‌ റഫറി പെനാള്‍ട്ടി വിധിക്കുകയായിരുന്നു.

എന്നാല്‍ ഡി മരിയയുടെ സൂപ്പര്‍ ലോംഗ് റേഞ്ച് ഷോട്ടിലൂടെ  അര്‍ജന്റീന ഗോള്‍ മടക്കി.ബോക്‌സിനു പുറത്തുനിന്ന് എവര്‍ ബനേഗ നല്‍കിയ പാസിലാണ് ഡി മരിയയുടെ തകര്‍പ്പന്‍ ഗോള്‍. പിന്നീട് രണ്ടാം പകുതിയില്‍ ലഭിച്ച  ഫ്രീകിക്കിലൂടെ അര്‍ജന്റീന ഒരു ഗോള്‍ ലീഡ് നേടുകയായിരുന്നു.  48-ാം മിനിറ്റില്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.

  പവാര്‍ഡിലൂടെ രണ്ടാം ഗോള്‍ നേടിയതോടെ ഫ്രാന്‍സും അര്‍ജന്റീനയും വീണ്ടും ഒപ്പത്തിനൊപ്പമായി. എന്നാല്‍ ഉടനടിതന്നെ എംബാപ്പെയുടെ തകര്‍പ്പന്‍ ഇരട്ട ഗോളുകളിലൂടെ  ഫ്രാന്‍സ്   ലീഡ് ചെയ്യുകയായിരുന്നു. ഇതോടെ സ്‌കോര്‍ (4-2).64, 69 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ നിര്‍ണായക ഗോള്‍.

കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ അഗ്വിറോ ഗോള്‍ നേടിയെങ്കിലും അര്‍ജന്റീനയുടെ പരാജയം അതിനുമുമ്പ് തന്നെ തീര്‍പ്പായിരുന്നു. ഇതോടെ,കളി മറന്ന അര്‍ജന്റീനയെയും, കളിക്കാതെ കാഴ്ചക്കാരനായ മെസിയെയും  വീഴ്ത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു.

  അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്കും അവസാനമായി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top