Top
11
Monday, December 2017
About UsE-Paper

ചെല്‍സിക്ക് തോല്‍വി; അഴ്‌സണല്‍, സിറ്റി ജയിച്ചു

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍ > പ്രീമിയര്‍ ലീഗിന്റെ ഇരുപത്തിയാറാം പതിപ്പിന് ഗംഭീര തുടക്കം. ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയോട് മൂന്നിനെതിരെ നാലുഗോളിനാണ് അഴ്സീന്‍ വെംഗറുടെ സംഘം ജയംപിടിച്ചെടുത്തത്.  ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ മൂന്നുഗോളിന് ബേണ്‍ലി അട്ടിമറിച്ചപ്പോള്‍ കരുത്തരായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് വാറ്റ്ഫോര്‍ഡും ആദ്യമത്സരം അവിസ്മരണീയമാക്കി. മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളിന് ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയനെ തോല്‍പ്പിച്ചു.

ആദ്യംഗോള്‍ നേടി പിന്നെ 3-2ന് പിറകിലായതിനുശേഷമായിരുന്നു അഴ്സണല്‍ ജയംപിടിച്ചെടുത്തത്. ഒളിവര്‍ ജിറൂ 85-ാം മിനിറ്റില്‍ അഴ്സണലിന്റെ വിജയഗോള്‍ നേടി. ജാമി വാര്‍ഡിയുടെ ഇരട്ടഗോളിന് ഇടവേള കഴിഞ്ഞ് 3-2ന് മുന്നിലെത്തിയ ലെസ്റ്ററിന് അവസാന മിനിറ്റുകളിലെ പിഴവുകള്‍ വിനയാകുകയായിരുന്നു. പകരക്കാരന്‍ ആരോണ്‍ റാംസെ 83-ാം മിനിറ്റില്‍ സമനിലഗോള്‍ നേടുകയും രണ്ടുമിനിറ്റിനുള്ളില്‍ നാടകീയമായി ജിറൂ അഴ്സണലിനെ വിജയതീരത്തടുപ്പിക്കുകയും ചെയ്തു. അലെക്സാണ്ടെര്‍ ലകാസെറ്റെയും ഡാനി വെല്‍ബെക്കും ലക്ഷ്യം കണ്ടു.

സ്വന്തം തട്ടകത്തില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിച്ച ചെല്‍സിക്ക് ഇരുപകുതിയിലുമായി രണ്ടുകളിക്കാരെ ചുവപ്പപുകാര്‍ഡ് കണ്ട് നഷ്ടമായി. 14-ാം മിനിറ്റില്‍ പ്രതിരോധത്തില്‍ ഗാരി കാഹിലും 81ാംമിനിറ്റില്‍ ഫാബ്രിഗസും ചുവപ്പ് കണ്ടു. സാമി വോക്സ് ബേണ്‍ലിക്കുവേണ്ടി ഇരട്ടഗോള്‍ നേടി. സ്റ്റീഫന്‍ വാര്‍ഡ് ഇതരഗോള്‍ സ്വന്തമാക്കി. പകരക്കാരനായിറങ്ങിയ അല്‍വാരോ മൊറാട്ടയും പ്രതിരോധക്കാരന്‍ ഡേവിഡ് ലൂയിസും ചെല്‍സിയുടെ ഗോളുകള്‍ മടക്കി.

ഇടവേളയ്ക്കുമുമ്പ് 2-1ന് മുന്നിലെത്തിയ വാറ്റ്ഫോര്‍ഡിനെ രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ 3-2ന് പിറകിലാക്കി ലിവര്‍പൂള്‍ കളിയിലേക്ക് തിരിച്ചുവന്നതായിരുന്നു. പക്ഷേ പരിക്കുസമയത്തിന്റെ നാലാം മിനിറ്റില്‍ ബ്രിട്ടോസ് വാറ്റ്ഫോര്‍ഡിന് സമനില സമ്മാനിച്ചു. സ്റ്റെഫാനോ ഒകാകയിലൂടെ വാറ്റ്ഫോര്‍ഡാണ് ലീഡെടുത്തത്. സാഡിയോ മാനെ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ അബ്ദുലായെ ഡൌകൌറെ വാറ്റ്ഫോര്‍ഡിന് രണ്ടാംഗോളും നല്‍കി. ഇടവേളയ്ക്കുശേഷം രണ്ടുമിനിറ്റില്‍ ലിവര്‍പൂള്‍ രണ്ടുഗോള്‍ നേടി. 55-ാം മിനിറ്റില്‍ ഫിര്‍മിനോ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു, മുഹമ്മദ് സലാ 57-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ മൂന്നാംഗോളുംനേടി.

Categories