16 November Friday

മൊറോക്കോ പൊരുതിത്തോറ്റു; നാലാം ഗോളുമായി റൊണാൾഡോ വീണ്ടും പോർച്ചുഗലിന്റെ രക്ഷകൻ (1-0) ‐ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

മോസ്‌കോ > ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിന്‌ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ്‌ പോര്‍ച്ചുഗലിന് വിജയമൊരുക്കിയത്‌. സ്‌പെയിനെതിരായ ആദ്യ മത്സരത്തിൽ ഹാട്രിക്‌ നേടിയ ക്രിസ്റ്റ്യാനോക്ക്‌ ഇതോടെ ഈ ലോകകപ്പിൽ നാലു ഗോളായി. 

ക്രിസ്റ്റ്യാനോയുടെ ഗോൾ:


ആദ്യ മത്സരത്തിൽ സമനിലയും ഇന്ന്‌ വിജയവും കണ്ട പോർച്ചുഗൽ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ രണ്ടുമത്സരങ്ങളിലും തോറ്റ മൊറോക്കോയുടെ പ്രീക്വാർട്ടർ സാധ്യതകൾ മങ്ങി.

അനായാസമായിരുന്നില്ല പോർച്ചുഗലിന്റെ ജയം. മത്സരത്തിന്റെ സര്‍വമേഖലയിലും ആധിപത്യം പുലര്‍ത്തിയ മൊറോക്കോക്കെതിരെ തുടക്കത്തിൽ നേടിയ ലീഡ്‌ കാക്കാൻ പോര്‍ച്ചുഗലിന് നന്നേ വിയർക്കേണ്ടി വന്നു. മൊറോക്കോ മുന്നേറ്റ നിരയില്‍ ഒരു ഗോളടിക്കാരന്റെ കുറവായിരുന്നു മത്സരഫലത്തിൽ നിർണായകമായത്‌.

ആദ്യ മത്സരത്തില്‍ ഇറാനോട്‌ പരാജയപ്പെട്ട മൊറോക്കോ ജീവന്മരണ പോരാട്ടമാണ്‌ ലൂസിനിക്കി സ്‌റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. യുവന്റസ്‌ പ്രതിരോധതാരം ബെനാറ്റിയയാണ്‌ നിരവധി ഗോളവസരങ്ങളൊരുക്കിയത്‌. മൊറോക്കോയുടെ ആക്രമണങ്ങൾക്കു മുന്നിൽ പറങ്കികള്‍ക്ക് പലതവണ അടിതെറ്റിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുമൂലം ഗോൾ നേടാനായില്ല. മധ്യനിരയിലും കളിയുടെ നിയന്ത്രണം മൊറോക്കോക്കായിരുന്നു.

ഈ ലോകകപ്പിലെ തന്റെ നാലാം ഗോളുമായി ഗോൾഡൻബൂട്ടിന്‌ അവകാശമുന്നയിച്ചെങ്കിലും റൊണാള്‍ഡോയ്ക്ക് മൊറോക്കോയ്‌ക്കെതിരേ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top