19 November Monday

ഇന്ത്യയ്ക്ക് നിർണായകം ; നാലാം ടെസ്റ്റ് പകൽ 3.30 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


സതാംപ്ടൺ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിർണായകമായ നാലാംടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും. പരമ്പര കൈവിടാതിരിക്കാൻ  മത്സരം ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2‐1ന്് മുന്നിലാണ്. ആദ്യ രണ്ടുടെസ്റ്റും ആതിഥേയർ സ്വന്തമാക്കിയപ്പോൾ മൂന്നാം ടെസ്റ്റിൽ ഇന്ത്യ അതിഗംഭീരമായി തിരിച്ചുവന്നു. ആധികാരിക പ്രകടനത്തിലൂടെ വിരാട് കോഹ്ലിയും സംഘവും ഇംഗ്ലണ്ടിനെ നിലംപരിശാക്കി.  ട്രെന്റ് ബ്രിഡ്ജിൽ ആതിഥേയരെ വരിഞ്ഞുമുറുക്കിയ ഇന്ത്യ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. നാലാം മത്സരം ജയിച്ച് പരമ്പര നേടുകയാണ് ഇംഗ്ലീഷുകാരുടെ ലക്ഷ്യം.

രണ്ടു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് നാലം അങ്കത്തിന് ഒരുങ്ങുന്നത്.പരിക്കേറ്റ് ക്രിസ് വോക്സിനു പകരം ആദ്യ ടെസ്റ്റിൽ തിളങ്ങിയ സാം കറനെ ഉൾപ്പെടുത്തി. ഒല്ലീ പോപ്പിന് പകരം മോയിൻ അലിയും അന്തിമ ഇലവനിൽ ഇടംനേടും. അതേസമയം, മൂന്നാം ടെസ്റ്റിനിടെ കൈവിരലിന് പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയെ ടീമിൽ നിലനിർത്തി. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയ്ക്കാണ് ബെയർസ്റ്റോയെ ഉപയോഗിക്കുക. വിക്കറ്റിനുപിന്നിൽ ജോസ് ബട്ട്ലർ നിലയുറപ്പിക്കും. ഇതോടെ ഇംഗ്ലീഷ് ടീമിലെ ഏഴുപേർ ഇടംകൈയൻമാരായി. ആർ അശ്വിനും ഇശാന്ത് ശർമയും ഇടംകൈയൻ ബാറ്റ്സ്മാൻമാർക്കെതിരെ മികച്ചപ്രകടനമാണ് പരമ്പരയിൽ നടത്തുന്നത്.

ആദ്യടെസ്റ്റിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കറന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ യുവതാരം, നിർണായകമായസമയത്ത് അരസെഞ്ചുറിയും സ്വന്തംപേരിൽ കുറിച്ചു. കൗണ്ടി ക്രിക്കറ്റിലെ മികച്ചപ്രകടനമാണ് അലിക്ക് നാലാംടെസ്റ്റിലേക്ക് അവസരമൊരുക്കിയത്. കഴിഞ്ഞാഴ്ച നടന്ന കൗണ്ടി മത്സരത്തിൽ എട്ടുവിക്കറ്റും ഇരട്ടസെഞ്ചുറിയും അലി നേടിയിരുന്നു.

സ്പിന്നിനും അനുകൂലമാകുമെന്നു കരുതുന്ന സതാംപ്ടണിലെ പിച്ചിൽ മികച്ച ചരിത്രമാണ് അലിക്കുള്ളത്. 2014ൽ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ അലി ആറുവിക്കറ്റ് വീഴ്ത്തിയിരുന്നു. വലതുകാലിന്് പരിക്കേറ്റതാണ് രണ്ടാം ടെസ്റ്റിൽ മിന്നും പ്രകടനം നടത്തിയ വോക്സിന് തിരിച്ചടിയായത്. രണ്ടാംടെസ്റ്റിൽ നാലുവിക്കറ്റും 137 റണ്ണുംനേടിയ വോക്സായിരുന്നു കളിയിലെ കേമൻ.

പരിക്കിൽനിന്നും അശ്വിൻ മോചിതനായതിനാൽ ടീമിൽ മാറ്റംവരുത്താൻ കോഹ്ലി തായ്യാറാകില്ല. രണ്ടിന്നിങ്സിലുമായി ഇരുന്നൂറുറൺ നേടിയ കോഹ്ലി തന്നെയാണ് ഇന്ത്യയുടെ കുന്തമുന. കോഹ്ലിക്കൊപ്പം ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവും  അജിൻക്യ രഹാനെയുടെ ബാറ്റിങ് പാടവവും ജസ്പ്രീത് ബുമ്രയുടെ പേസാക്രമണവുമാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ സഹായിച്ചത്.

പ്രധാന വാർത്തകൾ
Top