20 September Thursday

രണ്ടര പതിറ്റാണ്ടിന് ശേഷം ജപ്പാൻ കൊറിയക്ക് മീതെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


ജക്കാർത്ത
ഏഷ്യൻ ഗെയിംസിലെ രണ്ടാംസ്ഥാനം 24 വർഷങ്ങൾക്കു ശേഷം ദക്ഷിണ കൊറിയയിൽനിന്ന് ജപ്പാനിലേക്ക്. ഇത്തവണ ജക്കാർത്തയിൽ തുടക്കം മുതൽ രണ്ടാമതാണ് ജപ്പാൻ. കഴിഞ്ഞ അഞ്ച് ഏഷ്യൻ ഗെയിംസിലും മൂന്നാമതായ പതിവ് തിരുത്തുമെന്ന വാശിയിലാണ് ജപ്പാൻ.

ഇതുവരെ 51 സ്വർണവും 47 വെള്ളിയും 62 വെങ്കലവും ജപ്പാൻ സ്വന്തമാക്കി. 37 സ്വർണം, 41 വെള്ളി, 50 വെങ്കലം എന്ന നിലയിൽ കൊറിയ മൂന്നാമതാണ്.
ചൈന വൻ ആധിപത്യം തുടരുന്ന ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് പ്രധാന മത്സരം. മറ്റു രാജ്യങ്ങൾക്ക് അവസരം നൽകാതെ ദക്ഷിണ കൊറിയയും ജപ്പാനും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിടുന്നതാണ് നാല് ദശാബ്ദത്തിലേറെയായ പതിവ്. 1974ൽ ടെഹ്റാനിൽ ഇറാനാണ് ജപ്പാനും കൊറിയയുമല്ലാതെ ഒടുവിൽ രണ്ടാമതെത്തിയ ടീം.

1951ൽ ആദ്യ ഏഷ്യൻ ഗെയിംസ് മുതൽ 1978 വരെയുള്ള എട്ട് ഗെയിംസുകളിൽ ജപ്പാനായിരുന്നു ഒന്നാമത്. ചൈന പങ്കെടുക്കാതിരുന്ന 1966 ഗെയിംസിൽ ദക്ഷിണ കൊറിയ ജപ്പാനു പിന്നിൽ ആദ്യമായി രണ്ടാമതു വന്നു. 1982 ന്യൂഡൽഹി ഗെയിംസിലാണ് ചൈന ആദ്യം ഒന്നാമതെത്തുന്നത്. പിന്നീട് പ്രഥമസ്ഥാനം മറ്റുള്ളവർക്ക് കിട്ടാക്കനിയായി. ന്യൂഡൽഹിയിൽ ജപ്പാൻ രണ്ടാമതായി. 1986ൽ സ്വന്തം നാട്ടിൽ നടന്ന ഗെയിംസിൽ ദക്ഷിണ കൊറിയ രണ്ടാംസ്ഥാനത്തു വന്നു. 1990ലും കൊറിയയായിരുന്നു രണ്ടാമത്. 1994ൽ ആണ് ഒടുവിൽ ജപ്പാൻ രണ്ടാമതെത്തിയത്. 63 സ്വർണം നേടിയ കൊറിയയെ ഒറ്റ മെഡലിന്റെ മുൻതൂക്കത്തിൽജപ്പാൻ പിന്തള്ളി. 1998 മുതൽ 2014വരെ അഞ്ച് ഗെയിംസുകളിൽ അവർ മൂന്നാം സ്ഥാനത്തായി.

1998ൽ കിട്ടിയ  രണ്ടാംസ്ഥാനം പിന്നെ ദക്ഷിണ കൊറിയ വിട്ടു കൊടുത്തില്ല. കഴിഞ്ഞതവണ 79 സ്വർണം, 70 വെള്ളി, 79 വെങ്കലം എന്ന നിലയിലായിരുന്നു കൊറിയയുടെ രണ്ടാംസ്ഥാനം. 47 സ്വർണം, 77 വെള്ളി, 76 വെങ്കലം എന്നതായിരുന്നു മുന്നാമതുള്ള ജപ്പാന്റെ സമ്പാദ്യം. 2014ൽ സ്വന്തം നാട്ടിൽ നടന്ന ഗെയിംസ് എന്ന ആനുകൂല്യത്തിലായിരുന്നു കൊറിയൻ കുതിപ്പ്. ഇത്തവണ ആ മികവ് ആവർത്തിക്കാനായില്ല.

ചൈനയിലെ ഗുവാങ്ഷുവിൽ 2010 നടന്ന ഗെയിംസിലും ദക്ഷിണ കൊറിയയുടെ പ്രകടനം ഗംഭീരമായിരുന്നു. 76 സ്വർണം, 65 വെള്ളി, 91 വെങ്കലം എന്നതായിരുന്നു മെഡൽ നില. 48 സ്വർണമായിരുന്നു ജപ്പാന്റെ നേട്ടം. 2006ൽ 58 സ്വർണവുമായി കൊറിയ രണ്ടാമതെത്തിയെങ്കിലും 50 സ്വർണവുമായി ജപ്പാൻ തൊട്ടുടുത്തുണ്ടായിരുന്നു.
 

പ്രധാന വാർത്തകൾ
Top