16 November Friday

ബോക്സിങ്ങിൽ വികാസും അമിതും മെഡൽ ഉറപ്പിച്ചു ; വനിതാ ബോക്സിങ്ങിൽ മെഡൽ ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018



ജക്കാർത്ത
പുരുഷവിഭാഗം ബോക്സിങ്ങിൽ ഇന്ത്യ രണ്ടു മെഡൽ ഉറപ്പിച്ചു. 75 കിലോ വിഭാഗത്തിൽ വികാസ് കൃഷ്ണനും 49 കിലോയിൽ അമിത് പങ്കലും സെമി ഫൈനലിൽ കടന്നതോടെയാണ് മെഡൽ ഉറപ്പായത്. സർജുബാല ദേവി ക്വാർട്ടറിൽ പരാജയപ്പെട്ടതോടെ വനിതാവിഭാഗത്തിൽ ഇന്ത്യ മെഡൽ ഇല്ലാതെ മടങ്ങും. ഏഷ്യൻ ഗെയിംസിൽ  2010ൽ ബോക്സിങ് മത്സരയിനമാക്കിയശേഷം ആദ്യമായാണ് വനിതാവിഭാഗത്തിൽ ഇന്ത്യക്ക് മെഡൽ കിട്ടാതിരിക്കുന്നത്.

2010 ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാവായ വികാസ് കൃഷ്ണൻ മികച്ച ഫോമിലാണ്. ബുധനാഴ്ച ക്വാർട്ടറിൽ ചൈനയുടെ തുവോഹേത എർബിക് തഗ്ലതിയാനെയാണ് വികാസ് കീഴടക്കിയത് (3‐2). കടുത്ത പോരാട്ടത്തിനൊടുവിലാണ് വികാസിന്റെ മുന്നേറ്റം. സെമിയിൽ കസാക്കിസ്ഥാന്റെ അബിൽ ഖാൻ അമൻകുലാണ് എതിരാളി.

ദക്ഷിണ കൊറിയയുടെ കിം ജാങ് റിയോങ്ങിനെയാണ് അമിത് പങ്കൽ പരാജയപ്പെടുത്തിയത്. അഞ്ച് റൗണ്ടിലും മുന്നിലെത്തിയായിരുന്നു അമിതിന്റെ സെമി പ്രവേശം. ഫിലിപ്പൈൻസിന്റെ കാർലോ പാലമാണ് സെമിയിൽ എതിരാളി.

പ്രധാന വാർത്തകൾ
Top