21 October Sunday

സിറ്റി ജൈത്രയാത തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

ലണ്ടന്‍ > അപ്രതീക്ഷിതമായി കനത്ത പ്രതിരോധം കെട്ടിയ ന്യൂകാസില്‍ യുണൈറ്റഡിനെ ഒറ്റഗോളിന് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ റെക്കോഡ് ജയം തുടരുന്നു.

ലീഗില്‍ തുടര്‍ച്ചയായ 18-ാം ജയം കുറിച്ച സിറ്റിക്ക് ഇപ്പോള്‍ ഒന്നാംസ്ഥാനത്ത് 15 പോയിന്റിന്റെ ലീഡുണ്ട്. സിറ്റിക്ക് 58 പോയിന്റായപ്പോള്‍ മങ്ങിപ്പോയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 43 പോയിന്റ്.

കളിയുടെ മുക്കാല്‍പങ്കും പന്ത് കൈവശംവച്ച സിറ്റിക്ക് ഒറ്റഗോള്‍ മാത്രമാണ് അടിക്കാനായത്. റഹീം സ്റ്റെര്‍ലിങ്ങാണ് ഈ നിര്‍ണായക ഗോള്‍ നേടിയത്. കെവിന്‍ ഡി ബ്രയ്ന്‍ ഉയര്‍ത്തിനല്‍കിയ പന്ത് സ്റ്റെര്‍ലിങ് നേരെ ഗോളിലേക്ക് തിരിച്ചു. ലീഗില്‍ സ്റ്റെര്‍ലിങ്ങിന്റെ 13-ാം ഗോളാണിത്.

പിന്നീട് 21 തവണ സിറ്റി അടി പായിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. സെര്‍ജി അഗ്വേറോയുടെ രണ്ട് അടികള്‍ ക്രോസ്ബാറില്‍ തട്ടി മടങ്ങി. ഡി ബ്രയ്ന്റെ ഒരു ഷോട്ട് പോസ്റ്റില്‍തട്ടി. മറ്റൊരടി സൈഡ്നെറ്റില്‍ അവസാനിച്ചു. നിരന്തരം ആക്രമിച്ചുകയറിയ സിറ്റി ഒരു ഗോളുംകൂടി നേടാന്‍ കിണഞ്ഞുശ്രമിച്ചു. അഗ്വേറോയുടെ ഗോളെന്നുറപ്പിച്ച അടി ന്യൂകാസില്‍ ഗോളി റോബ് എലിയറ്റ് ഒറ്റക്കൈകൊണ്ട് തട്ടിയകറ്റി. ഗോളിന് കൊതിച്ച പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പരിക്കേറ്റ പ്രതിരോധക്കാരന്‍ വിന്‍സെന്റ് കൊമ്പനിക്ക് പകരം സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനെ ഇറക്കാനുള്ള സാഹസികത കാണിച്ചു. എന്നിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല.

ന്യൂകാസിലിന്റെ മുഴുവന്‍ കളിക്കാരുംതന്നെ പ്രതിരോധിക്കാന്‍ ഇറങ്ങി. ന്യൂകാസില്‍ ഇറക്കിയ ഏക സ്ട്രൈക്കര്‍ ജൊസേലുപോലും സ്വന്തം മേഖലവിട്ട് ഇറങ്ങിയില്ല. എങ്കിലും ന്യൂകാസില്‍ സിറ്റിയെ വിറപ്പിച്ച നിമിഷങ്ങളുമുണ്ടായി. ഇടവേളയ്ക്ക് തൊട്ടുമുമ്പ് റൊളാന്റോ ആരോസ് ഗോളിലേക്കു തൊടുത്തത് നിക്കോളാസ് ഒറ്റമെന്‍ഡി ലൈനില്‍നിന്ന് ഹെഡ്ചെയ്ത് അകറ്റി. കളിയുടെ അവസാന 15 മിനിറ്റില്‍ ന്യൂകാസില്‍ ആക്രമിക്കാന്‍ തയ്യാറായി. മുന്നേറ്റത്തില്‍ ക്രിസ്റ്റ്യന്‍ അറ്റ്സുവും ദ്വിജ്റ്റ് ഗെയ്ലും ഒന്നിച്ചു. പക്ഷെ ഒരവസരം മാത്രമാണ് അവര്‍ക്കു കിട്ടിയത്. ഗെയ്ലിന്റെ ഹെഡര്‍ പുറത്തേക്ക് പോകുകയും ചെയ്തു.

പ്രധാന വാർത്തകൾ
Top