19 October Friday

ചരിത്രത്തിന്റെ ക്രീസിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 29, 2017

ഹരിയാനയെ തോല്‍പ്പിച്ച് രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തിയ കേരള താരങ്ങള്‍. സഞ്ജു സാംസണ്‍ ഫേസ്ബുക്കില്‍ പങ്കുവച്ച സെല്‍ഫി.

ലാഹ്ലി > കാത്തിരിപ്പ് അവസാനിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി കേരളം ക്വാര്‍ട്ടറിലേക്ക് കാല്‍വച്ചു. ബി ഗ്രൂപ്പിലെ ആറാം മത്സരത്തില്‍ ഹരിയാനയെ അവരുടെ നാട്ടില്‍ തകര്‍ത്താണ് കേരളത്തിന്റെ കന്നി ക്വാര്‍ട്ടര്‍പ്രവേശം. ഇന്നിങ്സിനും എട്ട് റണ്ണിനുമുള്ള ഗംഭീര ജയം. നോക്കൌട്ടിലേക്ക് 2003-04 സീസണുശേഷം ആദ്യത്തെയും ആകെ നാലാമത്തെയും പ്രവേശമാണിത് കേരളത്തിന്.

ഒന്നാം ഇന്നിങ്സില്‍ 208നും രണ്ടാം ഇന്നിങ്സില്‍ 173 റണ്ണിനും കേരളം ഹരിയാനയെ എറിഞ്ഞിട്ടു. ഒന്നാം ഇന്നിങ്സില്‍ 389 റണ്ണെടുത്ത് 181 റണ്ണിന്റെ വിലപ്പെട്ട ലീഡ് നേടിയത് കേരളത്തിന്റെ ജയം എളുപ്പമാക്കി. ഇന്നിങ്സ് ജയത്തിന്റെ ബോണസടക്കം ഏഴുപോയിന്റ് നേടി ഗ്രൂപ്പില്‍ ഗുജറാത്തിനു പിറകില്‍ രണ്ടാമതായാണ് കേരളം നോക്കൌട്ടിലേക്കു കടന്നത്. ഗുജറാത്ത് അഞ്ച് ജയവും ഒരു സമനിലയുമായി 34 പോയിന്റ് നേടി.
സ്കോര്‍ ഹരിയാന 208, 173. കേരളം 389.

ജയം, അത് കേരളത്തിന് ഉറപ്പായിരുന്നു. രണ്ടാം ഇന്നിങ്സിന് പാഡ് കെട്ടി ഇറങ്ങേണ്ടിവരില്ലെന്ന് തീര്‍പ്പാക്കിയാണ് കേരളം ചൌധരി ബന്‍സി ലാല്‍ സ്റ്റേഡിയത്തില്‍ മൂന്നാംദിനക്കളി അവസാനിപ്പിച്ചത്. വേഗംകുറഞ്ഞ പിച്ചില്‍ രണ്ടാം അവസരത്തില്‍ വേഗക്കാരും സ്പിന്നര്‍മാരും ഒരുപോലെ ഉഗ്രരൂപം പൂണ്ടപ്പോള്‍ അഞ്ചിന് 83 എന്ന നിലയില്‍ ഹരിയാനക്കാര്‍ കൂടാരത്തിലേക്ക് തിരിച്ചുകയറി. അവരുടെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് കളിക്കാര്‍ വിക്കറ്റ് പോകാതിരുന്നതില്‍ ആശ്വസിച്ച് അന്ന് മടങ്ങി. 25 റണ്ണെടുത്ത രജത് പലിവാളും 15 റണ്ണുമായി ക്യാപ്റ്റന്‍ അമിത് മിശ്രയും. കേരളത്തിനും ജയത്തിനും ഇടയില്‍ അഞ്ചുവിക്കറ്റിന്റെ ദൂരം മാത്രം.

നാലാംദിനം തിരിച്ചെത്തിയപ്പോള്‍  ഇരുവരും കേരളത്തിന്റെ ബൌളിങ് ആക്രമണത്തിനുമുന്നില്‍ ആദ്യമണിക്കൂര്‍ പിടിച്ചുനിന്നു. 58 റണ്ണിന്റെ കൂട്ടുകെട്ട് കേരളത്തിന്റെ ക്ഷമ പരീക്ഷിച്ചു. പക്ഷേ അത് തകര്‍ത്ത് ജലജ് കേരളത്തിന് മധുരം നല്‍കി. ഫോര്‍വേഡ് ഷോര്‍ട്ട് ലെഗില്‍ പലിവാള്‍ (34), മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയിലൊതുങ്ങി. കൂട്ടു നഷ്ടപ്പെട്ട കിളിപോലെ അമിത് (40) അതേ സ്കോറില്‍ തിരിച്ചുകയറി. എം ഡി നിധീഷിന്റെ പന്തില്‍ മിഡോഫില്‍ കൈയില്‍നിന്ന് ചാടിപ്പോയ പന്തിനെ രണ്ടാം ശ്രമത്തില്‍ പിടിച്ച് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എതിര്‍ ക്യാപ്റ്റന് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കി. പിന്നെ ഹരിയാന തകര്‍ന്നു.

ചെറുത്തുനിന്ന പൂനിഷ് മെഹ്തയെ (32*) ഒരുവശത്ത് നിര്‍ത്തി കേരളം വിക്കറ്റുകള്‍ കൊയ്തു. ഹര്‍ഷല്‍ പട്ടേലിനെ (1) നിധീഷ്തന്നെ സന്ദീപ് വാര്യരുടെ കൈയിലെത്തിച്ചു. അജിത് ചഹലിനെ (12) അരുണ്‍ കാര്‍ത്തിക്ക് ബൌള്‍ഡാക്കി. ആശിഷ് ഹൂദയെ (5) വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസന്റെ കൈയുറകളില്‍ ഭദ്രമായി അവസാനിപ്പിച്ച നിധീഷ് മൂന്നാംവിക്കറ്റ് സ്വന്തമാക്കി. കേരളം ചരിത്രത്തിലേക്കുള്ള ടിക്കറ്റും.

ജലജും നിധീഷും മൂന്നുവീതം വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഹരിയാനയുടെ ബാറ്റിങ്ങിന്റെ ആണിക്കല്ലിളക്കിയ ബേസില്‍ തമ്പി  രണ്ടുവിക്കറ്റ് നേടി. 91 റണ്ണെടുത്ത് കേരളത്തിന്റെ ഒന്നാം ഇന്നിങ്സിന് കരുത്തുപകരുകയും മൂന്നു വിക്കറ്റ് നേടുകയും ചെയ്ത സക്സേനയാണ് കളിയിലെ താരം.
 ഡിസംബര്‍ ഏഴുമുതല്‍ മുംബൈ വാംഖഡെയില്‍ വിദര്‍ഭയോടാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍മത്സരം.

കേരളം നോക്കൌട്ടില്‍ ഇതുവരെ
ലാഹ്ലി > നാലുതവണയാണ് കേരളം ഇതുവരെ നോക്കൌട്ട് റൌണ്ടിലെത്തിയത്. ആദ്യമായി 1994ലും അവസാനമായി 2007ലും. ഇത്തവണത്തെ പ്രവേശം 10 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം.

1994ലാണ് കേരളം രഞ്ജി ട്രോഫിയില്‍ ആദ്യമായി നോക്കൌട്ടിലെത്തിയത്. രണ്ട് ജയത്തോടെ ദക്ഷിണമേഖലാ ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്ന അനന്തപത്മനാഭന്റെ കേരള ടീമിന് പക്ഷേ കരുത്തരായ ഉത്തര്‍പ്രദേശിനെതിരെ ജയംകാണാനായില്ല. സമനിലയില്‍ അവസാനിച്ച മത്സരം ഒന്നാം ഇന്നിങ്സ് ലീഡിന്റെ ആനുകൂല്യത്തില്‍ ഉത്തര്‍പ്രദേശ് സ്വന്തമാക്കി.

രണ്ടുവര്‍ഷത്തിനുശേഷം എഫ് വി റഷീദ് നായകനായ കേരളം ഒരിക്കല്‍ക്കൂടി ദക്ഷിണമേഖലാ ചാമ്പ്യന്‍മാരായി നോക്കൌട്ടിലെത്തി. സൂപ്പര്‍ ലീഗ് ഘട്ടത്തില്‍ പക്ഷേ ഒരു മത്സരവും ജയിക്കാതെ മടങ്ങി. പഞ്ചാബിനോടും മഹാരാഷ്ട്രയോടും തോറ്റു. മധ്യപ്രദേശിനോടും ഒഡിഷയോടും സമനില വഴങ്ങുകയും ചെയ്തു. ആറുവര്‍ഷത്തെ ഇടവേളകഴിഞ്ഞ് 2002ലാണ് പിന്നീട് കേരളം രണ്ടാം റൌണ്ടില്‍ എത്തിയത്. സുനില്‍ ഒയാസിസായിരുന്നു ക്യാപ്റ്റന്‍.
സോണി ചെറുവത്തൂരിന്റെ ക്യാപ്റ്റന്‍സിയില്‍ പിന്നീട് 2007-08 സീസണില്‍ നോക്കൌട്ടിലെത്തി.

വിജയവഴി
കൊച്ചി > ഗ്രൂപ്പ് ബിയില്‍ കളിച്ച ആറില്‍ അഞ്ചിലും ജയിച്ചാണ് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടറിലേക്കു കടന്നത്. ഇതുവരെയുള്ള നോക്കൌട്ട് പ്രവേശങ്ങളില്‍ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ. തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൌണ്ടിലുമായി നടന്ന നാല്  മത്സരവും കേരളം ജയിച്ചു. ഗുജറാത്തുമായി നദിയദില്‍ നടന്ന കളി മാത്രമാണ് കേരളത്തിനു നഷ്ടമായത്.

കാര്യവട്ടത്ത് ജാര്‍ഖണ്ഡിനോടാണ് കേരളം ആദ്യ മത്സരത്തിനിറങ്ങിയത്. ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയവുമായി തിരിച്ചുകയറി. എന്നാല്‍ കരുത്തരും നിലവിലെ ചാമ്പ്യന്‍മാരുമായ ഗുജറാത്തിന്റെ മണ്ണില്‍ നിലതെറ്റി. പൊരുതിയെങ്കിലും നാലുവിക്കറ്റിന് തോറ്റു. അടുത്ത മൂന്ന് മത്സരം തുമ്പയില്‍. രാജസ്ഥാനെ 131 റണ്ണിനും ജമ്മു കശ്മീരിനെ 158 റണ്ണിനും തോല്‍പ്പിച്ചു. സൌരാഷ്ട്രക്കെതിരെ 309 റണ്ണിന്റെ പടകൂറ്റന്‍ ജയവും കുറിച്ചു. ഒടുവില്‍ എതിര്‍ തട്ടകത്തില്‍ നിര്‍ണായക ജയവും.

പ്രധാന വാർത്തകൾ
Top