15 November Thursday

കേരളത്തിൽ ലോകകപ്പ് കണ്ടത് 1.78 കോടി പേർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


മുംബൈ
റഷ്യ ലോകകപ്പ് കേരളത്തിൽ 1.78 കോടി പേർ ടെലിവിഷനിലൂടെയും മറ്റു തത്സമയ വീഡിയോ സംവിധാനങ്ങളിലൂടെയും കണ്ടു. ലോകകപ്പ് സംപ്രേഷണം ഏറ്റവും കൂടുതൽ പേർ കണ്ട സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. 2.22 കോടി പേരുമായി ബംഗാളാണ് ഒന്നാമത്. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലായി 1.28 കോടിയും വടക്കു‐കിഴക്കൻ സംസ്ഥാനങ്ങളിൽ 1.14 കോടിയും പേർ കളി ആസ്വദിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷകരായ സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ(എസ്പിഎൻ) പുറത്തുവിട്ട കണക്കാണിത്. രണ്ടു വയസ്സിനു മുകളിലുള്ളവരെ കണക്കെടുപ്പിൽ ഉൾപ്പെടുത്തി.

ജനസംഖ്യ കണക്കിലെടുത്താൽ ആകെ കളി കണ്ടവരുടെ ശതമാന കണക്കിൽ കേരളം ഒന്നാമതാണ്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ പകുതിയിലേറെ പേർ ലോകകപ്പ് കണ്ടു. ബംഗാളിലെ ജനസംഖ്യ പത്തു കോടിയോളമാണ്. ഇതിൽ നാലിലൊന്നിൽ താഴെയാണ് ലോകകപ്പ് കണ്ടത്.

ഇന്ത്യയിലാകെ 11.05 കോടി ജനങ്ങൾ ലോകകപ്പ് സംപ്രേഷണം വീക്ഷിച്ചു. ഹൈലൈറ്റ്സ്, തുടർ സംപ്രേഷണം, അനുബന്ധ പരിപാടികൾ തുടങ്ങിയവ ഉൾപ്പെടെ കണ്ടവരുടെ എണ്ണം 25.4 കോടിയാണ്. ജൂൺ 14 മുതൽ ജൂലൈ 15 വരെ നടന്ന 64 മത്സരങ്ങൾ സോണി ടെൻ 2, സോണി ടെൻ 3, സോണി ഇഎസ്പിഎൻ ചാനലുകളും ലൈവ് വീഡിയോ സംവിധാനമായ സോണിലൈവിലൂടെ മൊബൈലിലും വെബ്സൈറ്റ് വഴിയുമാണ് ഇന്ത്യക്കാർ കളി കണ്ടത്. ഏഴു കോടി പേർ ഈ മാധ്യമങ്ങൾ വഴിയാണ് ലോകകപ്പ് കണ്ടത്.

ഫ്രാൻസും ക്രൊയേഷ്യയും തമ്മിൽ നടന്ന ഫൈനലാണ് ഏറ്റവും കൂടുതൽ പേർ കണ്ടത്. 5.12 കോടി. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരമാണിത്. വനിതാ പ്രേക്ഷകരുടെ എണ്ണത്തിലെ വർധന ശ്രദ്ധേയമായി. ലോകകപ്പ് സംപ്രേഷണം കണ്ടവരിൽ 47 ശതമാനം സ്ത്രീകളാണ്.

കളി കണ്ട മലയാളികളിൽ 97 ലക്ഷം പേർ മലയാളം കമന്ററി തെരഞ്ഞെടുത്തു. ബംഗാളി, തമിഴ്, തെലുങ്ക് കമന്ററിയും ഇത്തവണയുണ്ടായി. നാല് പ്രാദേശിക ഭാഷകളിലുള്ള സംപ്രേഷണം 4.07 കോടി പേർ കണ്ടു. ഹിന്ദിയുൾപ്പെടെ അഞ്ച് ഇന്ത്യൻ ഭാഷകളിലുമായി കളി ആസ്വദിച്ചവർ 7.07 കോടിയാണ്. ആകെ തത്സമയ സംപ്രേഷണം വീക്ഷിച്ചവരുടെ 66 ശതമാനം വരുമിത്.

ലോകകപ്പ് സംപ്രേഷണം വൻവിജയമായതിൽ ഏറെ സന്തോഷമുണ്ടെന്ന് എസ്പിഎൻ ചീഫ് റവന്യൂ ഓഫീസർ രാജേഷ് കൗൾ പറഞ്ഞു. ഇന്ത്യയിൽ ഫുട്ബോളിനോടുള്ള ആഭിമുഖ്യം കൂടി വരുന്നതിനു തെളിവാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രധാന വാർത്തകൾ
Top