21 July Saturday

രഞ്ജിയില്‍ കേരളം 3-203

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ലാഹ്ലി > രഞ്ജി ട്രോഫിയില്‍ ഹരിയാനയ്ക്കെതിരെ കേരളം മികച്ചനിലയില്‍. ഹരിയാനയെ ഒന്നാം ഇന്നിങ്സില്‍ 208 റണ്ണിന് അവസാനിപ്പിച്ച കേരളം മറുപടിയില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 203 റണ്ണെടുത്തു. ജലജ് സക്സേനയുടെയും (91) രോഹന്‍ പ്രേമിന്റെയും (79*) അരസെഞ്ചുറികളുടെ മികവിലാണ് കേരളത്തിന്റെ കുതിപ്പ്. രണ്ടാംദിനം കളി അവസാനിക്കെ ഹരിയാനയുടെ ഒന്നാംഇന്നിങ്സ് സ്കോറിനെക്കാള്‍ അഞ്ച് റണ്‍ മാത്രം പിറകിലാണ് കേരളം. രോഹന്‍ പ്രേമും റണ്ണൊന്നുമെടുക്കാതെ ബേസില്‍ തമ്പിയുമാണ് ക്രീസില്‍. മൂന്ന് റണ്ണെടുത്ത അരുണ്‍ കാര്‍ത്തിക്കിന്റെയും ജലജിന്റെയും വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണിന്റെയും (16) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

നേരത്തെ ഒമ്പതിന് 207 റണ്ണെന്നനിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഹരിയാനയുടെ ഇന്നിങ്സിന് മൂന്ന് പന്തിന്റെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. 81-ാം ഓവറിന്റെ മൂന്നാംപന്തില്‍ എ എച്ച് ഹൂദയെ പുറത്താക്കി ബേസില്‍ തമ്പി ഇന്നിങ്സ് അവസാനിപ്പിച്ചു. മറുപടിയില്‍ അരുണ്‍ കാര്‍ത്തിക്കിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ജലജും രോഹന്‍ പ്രേമും ചേര്‍ന്ന് രണ്ടാംവിക്കറ്റില്‍ 172 റണ്‍ ചേര്‍ത്തു. സെഞ്ചുറിക്ക് ഒമ്പത് റണ്ണകലെ ജലജ് എ ആര്‍ മിശ്രയുടെ പന്തില്‍ ബൌള്‍ഡായി മടങ്ങി. അധികമൊന്നും സംഭാവനചെയ്യാതെ സഞ്ജുവും തിരിച്ചുകയറിയെങ്കിലും നൈറ്റ് വാച്ച്മാന്‍ ബേസിലും രോഹന്‍ പ്രേമും കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാംദിനം അവസാനിപ്പിക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top