23 September Sunday

'യുദ്ധ'ത്തിന്റെ രാത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018

മോസ്കോ > തിങ്കളാഴ്ച രാത്രി 'വാറി'ന്റേതായിരുന്നു. രണ്ട് നിർണായക മത്സരങ്ങളിൽ 'വാറി'ന് (വീഡിയോസഹായ സംവിധാനം) തെറ്റുപറ്റി എന്നാണ് ആരോപണം. ഈ ഇടപെടൽ നാടകീയ മുഹൂർത്തങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കി.  മൊറോകോയെ തളയ്ക്കാൻ സ്പെയ്നിന് 'വാർ' ഉപകരിച്ചു. പോർച്ചുഗലിനെ പിടിച്ചുകെട്ടാൻ ഇറാനും ഫിഫയുടെ പുതിയ പരിഷ്കാരം തുണച്ചു.

പോർച്ചുഗൽ‐ഇറാൻ ജീവൻമരണ പോരാട്ടത്തിൽ വാറിന്റെ  ഇടപെടൽ  കളിയുടെ ഗതിതന്നെ മാറ്റിമറിച്ചു. പോർച്ചുഗൽ ഒരു ഗോളിന് മുന്നിട്ടുനിൽക്കെ ലീഡ് നേടാനുള്ള അവസരം 'വാർ' ഒരുക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബോക്സിൽ വീഴ്ത്തിയത് ആദ്യം പെനൽറ്റിക്കുള്ള ഫൗളായി റഫറി പരിഗണിച്ചില്ല. വീഡിയോയുടെ സഹായം തേടിയപ്പോൾ പെനൽറ്റി വിധിച്ചു. എന്നാൽ ഈ പെനൽറ്റി ക്രിസ്റ്റ്യാനോ പാഴാക്കി. 

അടുത്തതും റൊണാൾഡോയുമായി ബന്ധപ്പെട്ടായിരുന്നു. പന്തെടുക്കുന്നതിനിടെ റൊണാൾഡോ ഇറാൻ പ്രതിരോധക്കാരൻ മോർതെസ പൗറലിഗൻജിയുടെ  മുഖത്ത് കൈമുട്ടുകൊണ്ട് ഇടിച്ചു. ചുവപ്പുകാർഡ് കൊടുക്കണോയെന്ന് പരിശോധിക്കാൻ വീണ്ടും വാറിന്റെ സഹായം തേടി. റൊണാൾഡോ രക്ഷപ്പെട്ടു, മഞ്ഞക്കാർഡ് മാത്രം. വാറിന്റെ ഈ തീരുമാനം വ്യാപകമായി പരാതിക്കിടയാക്കി. കൈമുട്ടുകൊണ്ട് ഇടിച്ചാൽ കളത്തിനു പുറത്തെന്നാണ് നിയമം. 

പരിക്കുസമയത്തേക്ക് നീണ്ട മത്സരത്തിൽ പരാഗ്വേ റഫറി എൻറിക്വ് കാസിറസ് വീണ്ടും വാറിന്റെ സഹായം തേടി. പെനൽറ്റിബോക്സിൽ പോർച്ചുഗൽ താരത്തിന്റെ കൈയിൽ പന്ത് തട്ടി. ഇറാൻ പെനൽറ്റി ആവശ്യപ്പെട്ടു. വാർ പരിശോധനയിൽ പെനൽറ്റി വിധിച്ചു. അതു ഗോളാക്കി ഇറാൻ സമനില നേടി.  ഈ തീരുമാനവും വിമർശിക്കപ്പെട്ടു. ഇത് കരുതിക്കൂട്ടിയുള്ള ഫൗളല്ലെന്നുംകൈക്കു മുകളിലാണെന്നുമാണ് വാദം. 

മെറോകോക്കെതിരായ കളിയിൽ സ്പെയ്നിന് സമനില നേടാൻ വാറിന്റെ സഹായം വേണ്ടിവന്നു. ഓഫ്സൈഡെന്നായിരുനു റഫറിയുടെ തീരുമാനം. എന്നാൽ വീഡിയോസംവിധാനത്തിൽ ഓഫ്സൈഡല്ലെന്നും ഗോളെന്നും വിധിച്ചു. സ്പെയ്ൻ പ്രതിരോധക്കാരൻ ജെറാർഡ് പിക്വെയുടെ രണ്ട് ഫൗളുകൾ വാറിനു വിടാത്തത് രക്ഷയായി.

  വാറിനെതിരെ ഇറാൻ കോച്ച് കാർഗലസ് ക്വിറോസ് ആഞ്ഞടിച്ചു.  കൈമുട്ടുകൊണ്ട് ഇടിച്ചാൽ ചുവപ്പുകാർഡ് കൊടുക്കണമെന്നാണ് നിയമം. അതിൽ മെസിയെന്നോ റൊണാൾഡോയെന്നോ വ്യത്യാസമില്ല. വാറിനെക്കുറിച്ച് നിരവധി പരാതികളാണ്. കളി ശരിക്കും ആരാണ് നിയന്ത്രിക്കുന്നത്. ഫിഫയ്ക്ക് പരാതികൊടുത്തിട്ടും രക്ഷയില്ലെന്ന് ക്വിറോസ് പറഞ്ഞു.  എന്നാൽ വാറിന്റെ ഇടപെടൽ സ്വാഭാവികമെന്നാണ് പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് പറഞ്ഞു. പ്രീക്വാർട്ടർ ലക്ഷ്യംനേടിയെന്നാണ് റൊണാൾഡോയുടെ പ്രതികരണം

പ്രധാന വാർത്തകൾ
Top