15 November Thursday

താരവിപണിയിൽ വിലപേശൽ മുറുകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

ആന്റി റെബിച്ച്‌ , റിച്ചാർലിസൺ , ജാവോ മുടീന്യോ


ലണ്ടൻ
താരകൈമാറ്റ വിപണിയിൽ കച്ചവടം അവസാനിക്കാൻ രണ്ടാഴ്ച ബാക്കിയിരിക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകൾ അവസാനവട്ട ശ്രമങ്ങൾ സജീവമാക്കി. അപ്രതീക്ഷിത നീക്കങ്ങൾക്കാണ് ഈ ഘട്ടത്തിൽ പ്രമുഖ ടീമുകൾ കരുനീക്കുന്നത്. ചില ക്ലബ്ബുകൾ വിലപേശിവച്ച താരങ്ങളെ മറ്റു ചിലർ തട്ടിയെടുത്തതിന്റെ പേരിലുള്ള തർക്കങ്ങളും ഉയർന്നുതുടങ്ങി. ചില താരങ്ങളുടെ ക്ലബ് മാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങളും വ്യാപകം.

ലോകകപ്പ് ഫൈനലിൽ കടന്ന് അത്ഭുതം സൃഷ്ടിച്ച ക്രൊയേഷ്യയുടെ മിന്നുംതാരം ആന്റി റെബിച്ചിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വലയെറിഞ്ഞതാണ് ഏറ്റവും പുതിയ സംഭവം. വലതുവിങ്ങിൽ പറന്നുകളിക്കുന്ന താരത്തിനായുള്ള ഹൊസെ മൊറീന്യോയുടെ അന്വേഷണമാണ് റെബിച്ചിലെത്തിച്ചത്. ഇപ്പോൾ ജർമനിയിൽ ഐന്ററാക്ട് ഫ്രാങ്ക്ഫർട്ടിന്റെ താരമാണ് റെബിച്ച്. ഈ ഇരുപത്തിനാലുകാരനായി 500 കോടിയോളം രൂപ മുടക്കാൻ യുണൈറ്റഡ് തയ്യാറാണ്.

ചെൽസിയുടെ ബ്രസീലിയൻ താരം വില്ലിയനുവേണ്ടി യുണൈറ്റഡ് ശ്രമം തുടരുന്നുവെങ്കിലും സമയക്കുറവ് പ്രതിസന്ധിയാണ്. റയൽ മാഡ്രിഡ് മുന്നേറ്റക്കാരൻ ഗാരെത് ബെയ്ലിനായുള്ള ശ്രമങ്ങളും യുണൈറ്റഡ് അവസാനിപ്പിച്ചിട്ടില്ല. ബയേൺ മ്യൂണിക്കിന്റെ ബ്രസീൽ താരം തിയാഗോ അൽകാൻട്രയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ശ്രമം തുടരുകയാണ്.
ബ്രസീലിയൻ വിങ്ങർ റിച്ചാർലിസണുമായി എവർടൺ കരാറിലെത്തി. വാട്ട്ഫോർഡ് താരത്തെ 453 കോടി രൂപ മുടക്കിയാണ് സ്വന്തമാക്കിയതെന്നാണ് വിവരം. എവർടൺ പരിശീലകൻ മാർകോ സിൽവ നേരത്തെ വാട്ട്ഫോർഡിനെ പരിശീലിപ്പിച്ചപ്പോൾ റിച്ചാർലിസണെ അടുത്തറിയാം. 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽനിന്ന് അഞ്ചു ഗോളാണ് ഇരുപത്തൊന്നുകാരന്റെ സമ്പാദ്യം.

പോർച്ചുഗലിന്റെ ലോകകപ്പ് താരം ജാവോ മുടീന്യോയെ 45 കോടി രൂപയ്ക്ക് വൂൾഫ്സ് വാങ്ങി. രണ്ടുവർഷത്തേക്കാണ് കരാർ. അഞ്ചുവർഷമായി ഫ്രഞ്ച് ക്ലബ്ബായ മൊണാകോയിലാണ് മുടീന്യോ. ബൗണിമൗത്ത് സ്പെയ്നിലെ ലെഗാനിസിൽനിന്ന് പ്രതിരോധക്കാരൻ ദ്യോഗോ റിക്കോയെ സ്വന്തം നിരയിലെത്തിച്ചു. 96 കോടി രൂപയ്ക്കാണ് നാലുവർഷത്തെ കരാർ.
ഫ്രാൻസിന്റെ നായകനും ടോട്ടനം ഹോട്സ്പർ താരവുമായ ഹ്യൂഗോ ലോറിസിനായി റയൽ മുന്നോട്ടുവന്നു. ചെൽസിയുടെ ബൽജിയംകാരനായ കാവൽഭടൻ തിബോ കുർട്ടോയ്ക്കായി റയൽ കരാറിനടുത്തെത്തിയതായി നേരത്തെ സൂചനയുണ്ടായിരുന്നു.

പ്രതിരോധക്കാരൻ ജെറോം ബോട്ടെങ്ങിനായി ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി ബന്ധപ്പെട്ടതായി ബയേൺ മ്യൂണിക് ചെയർമാൻ കാൾ ഹെയ്ൻസ് റുമെനിഗെ വ്യക്തമാക്കി. 543 കോടി രൂപയോളമാകും കരാർതുക. ഈ ഇരുപത്തൊമ്പതുകാരൻ ബയേൺ വിടാൻ സാധ്യതയേറെയാണ്. കനേഡിയൻ ക്ലബ് വാൻകൂവറിൽനിന്ന് കൗമാരതാരം അൽഫോൻസോ ഡേവിസിനെ ബയേൺ സ്വന്തമാക്കി. 117 കോടിയാണ് കരാർതുക.

പ്രധാന വാർത്തകൾ
Top