14 November Wednesday
സൗദിക്ക് ജയം

സലാ ഗോളടിച്ചിട്ടും ഈജിപ്ത് തോറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018



മോസ്കോ
സൂപ്പർതാരം മുഹമ്മദ് സലാ ഗോളടിച്ചിട്ടും ഈജിപ്ത് ജയമില്ലാതെ ലോകകപ്പിൽനിന്ന് മടങ്ങി. അവസാനമത്സരത്തിൽ സൗദി അറേബ്യ ആഫ്രിക്കൻവമ്പൻമാരെ അട്ടിമറിച്ചു (2‐1). 1994നുശേഷം ആദ്യമായാണ് സൗദി ലോകകപ്പിൽ ജയംനേടിയത്. ലോകകപ്പ് ചരിത്രത്തിലെ മൂന്നാം ജയവും.

പെനൽറ്റിയിലൂടെ സൽമാൻ അൽഫറാജ് സൗദിക്കായി സമനിലഗോൾ നേടി. സൗദിക്കുകിട്ടിയ ആദ്യ പെനൽറ്റി ഈജിപ്ത് ഗോൾകീപ്പർ എസം അൽ ഹദാരി തടഞ്ഞു. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരനെന്ന റെക്കോഡും ഹദാരിയുടെ പേരിലായി. അവസാന മിനിറ്റിൽ സലേം അൽദസ്വറി സൗദിയുടെ വിജയഗോൾ കുറിച്ചു.

ആദ്യ അരമണിക്കൂറിൽ സലായുടെ മിന്നുന്നഗോളിൽ ഈജിപ്ത് മുന്നിലെത്തി. മധ്യഭാഗത്തുനിന്ന് കിട്ടിയ പന്ത് സൗദിയുടെ രണ്ട് പ്രതിരോധക്കാർക്കിടയിൽനിന്ന് സലാ പിടിച്ചെടുത്ത്, തുടർന്ന് ഇരുവരെയും വെട്ടിയൊഴിഞ്ഞ് ഗോൾകീപ്പർ യാസെർ അൽമോസയ്ലെമിന്റെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടു. ലോകകപ്പിൽ രണ്ടാംമത്സരം കളിക്കുന്ന സലായുടെ രണ്ടാമത്തെ ഗോളാണിത്.

ഈജിപ്ത് പ്രതിരോധം കടുപ്പിച്ചു. സൗദിക്ക് അവസരങ്ങൾ കിട്ടിയില്ല. ഇതിനിടെ, സൗദിക്ക് പെനൽറ്റി കിട്ടി. ഈജിപ്ത് പ്രതിരോധക്കാരൻ അഹമ്മദ് ഫാതി പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനൽറ്റി. ഫഹദ് കിക്കെടുത്തു. എന്നാൽ, ഹദാരിയുടെ തകർപ്പൻചാട്ടം ഹഫദിന്റെ കരുത്തുറ്റ അടിയെ തടഞ്ഞു. മിനിറ്റുകൾക്കുള്ളിൽ ഈജിപ്ത് വീണ്ടും പെനൽറ്റി വഴങ്ങി. അലി ഗബർ ഫഹദിനെ ഫൗൾചെയ്തു. ഇക്കുറി അൽഫറാജ് കിക്കെടുത്തു. ഹദാരിയുടെ ചാട്ടം എതിർദിശയിലേക്കായിപ്പോയി. സൗദി ഒപ്പമെത്തി. പരിക്കുസമയത്ത് സലേം സൗദിയുടെ ജയംകുറിച്ചു.

പ്രധാന വാർത്തകൾ
Top