Top
11
Monday, December 2017
About UsE-Paper
ഇന്‍ഡോര്‍ ഏകദിനം 5 വിക്കറ്റിന് ഇന്ത്യക്ക്

മൂന്നില്‍ മൂന്ന്, പരമ്പര ഇന്ത്യക്ക്

Monday Sep 25, 2017
വെബ് ഡെസ്‌ക്‌
ഓസ്ട്രേലിയക്കെതിരെ ഹാര്‍ദിക് പാണ്ഡ്യ ബൌണ്ടറി നേടുന്നു

ഇന്‍ഡോര്‍ > ഹോര്‍കര്‍ സ്റ്റേഡിയത്തിലെ കുഞ്ഞന്‍ ഗ്രൌണ്ടിനും ഓസ്ട്രേലിയയെ രക്ഷിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ അഞ്ചുവിക്കറ്റിന് ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തു. ആദ്യം ബാറ്റ്ചെയ്ത്  ആറുവിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ പടുത്തുയര്‍ത്തിയ 294 റണ്ണിന്റെ ലക്ഷ്യം ഇന്ത്യ രണ്ടോവറും ഒരു പന്തും ശേഷിക്കെ  മറികടന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൌണ്ട് പ്രകടനമാണ്  ഇന്ത്യക്ക് ജയമൊരുക്കിയത്. ഡേവിഡ് വാര്‍ണറുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയ പാണ്ഡ്യ 72 പന്തില്‍ 78 റണ്ണടിച്ച് ഇന്ത്യയെ ജയത്തിന് അരികിലെത്തിച്ചു. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും(76 പന്തില്‍ 70) രോഹിത് ശര്‍മയും (62 പന്തില്‍ 71) അരസെഞ്ചുറികളുമായി തിളങ്ങി. മനീഷ് പാണ്ഡെ 32 പന്തില്‍ 36 റണ്ണുമായി പുറത്താകാതെനിന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 35 പന്തില്‍ 28 റണ്ണെടുത്ത് പുറത്തായി. ജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാംപടിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

പരമ്പരയില്‍ ആദ്യമായി ഒന്നാമത് ബാറ്റുചെയ്ത ഓസ്ട്രേലിയ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും (125 പന്തില്‍ 124) ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും (71 പന്തില്‍ 63) മികവിലാണ് ആറുവിക്കറ്റ് നഷ്ടത്തില്‍ 293 റണ്ണെടുത്തത്.
ഓപ്പണിങ് വിക്കറ്റില്‍ ഫിഞ്ചിന് കൂട്ടുനല്‍കിയ ഡേവിഡ് വാര്‍ണര്‍ 44 പന്തില്‍ 42ഉം ഓള്‍റൌണ്ടര്‍ മാര്‍കസ് സ്റ്റോയിനിസ് 28 പന്തില്‍ 27ഉം റണ്ണെടുത്തു. ഇന്ത്യക്കായി പേസര്‍ ജസ്പ്രിത് ബുമ്രയും ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും രണ്ടുവീതം വിക്കറ്റെടുത്തു.

ബാറ്റിങ്ങിന് പൂര്‍ണമായും അനുകൂലമായ ഹോര്‍കര്‍ സ്റ്റേഡിയത്തില്‍ ടോസ്ഭാഗ്യം ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനായിരുന്നു. ബൌണ്ടറികളുടെ കണക്കില്‍ ഏറെ മുന്നിലുള്ള ഗ്രൌണ്ടില്‍ സ്മിത്ത് ബാറ്റിങ്തന്നെ തെരഞ്ഞെടുത്തു. ഓപ്പണര്‍മാര്‍ പിച്ചിലെയും ഗ്രൌണ്ടിലെയും ആനുകൂല്യം മുതലെടുത്തപ്പോള്‍ പരമ്പരയില്‍ ആദ്യമായി ഓസീസ് ബാറ്റിങ്ങില്‍ തെളിഞ്ഞു. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം 70ഉം രണ്ടാം വിക്കറ്റില്‍ സ്മിത്തിനൊപ്പം 154ഉം റണ്ണിന്റെ കൂട്ടുകെട്ടുകള്‍ തീര്‍ത്തു ഫിഞ്ച്. എന്നാല്‍ സ്കോര്‍ 243ല്‍ നില്‍ക്കെ സ്മിത്തുകൂടി പുറത്തായതോടെ ഒരിക്കല്‍ക്കൂടി ഓസീസ് കിതച്ചു. ശേഷിച്ച ഒമ്പതോവറില്‍ 50 റണ്‍മാത്രമാണ് ഓസീസ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ന്നത്. മൂന്നുവിക്കറ്റും നഷ്ടപ്പെടുത്തി.

പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യന്‍ബൌളര്‍മാര്‍ക്ക് പരീക്ഷണം നേരിടേണ്ടിവന്നത്. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ കൂസാതെ ബാറ്റുവിശീയ ഫിഞ്ച്, വാര്‍ണര്‍ക്കും ആവേശം പകര്‍ന്നു. 14-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓഫ് കട്ടറില്‍ വിക്കറ്റ് തകര്‍ത്ത് മടങ്ങുമ്പോഴേക്കും നാല് ബൌണ്ടറിയും ഒരു പടുകൂറ്റന്‍ സിക്സറും വാര്‍ണര്‍ നേടിയിരുന്നു.

സ്മിത്തിനെ കൂട്ടുകിട്ടിയ ഫിഞ്ച് പിന്നെ കൂടുതല്‍ അപകടകാരിയായി. കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു ഈ വലംകൈയന്‍. ഇരുവര്‍ക്കും ചേര്‍ന്ന് അഞ്ച് സിക്സറും ഫിഞ്ച് സമ്മാനിച്ചു. 12 ബൌണ്ടറികളും ഫിഞ്ചിന്റെ ബാറ്റില്‍നിന്ന് പാഞ്ഞു. എന്നാല്‍ കുല്‍ദീപിന്റെ പന്തില്‍ത്തന്നെ ഫിഞ്ച് മടങ്ങി. ഫുള്‍ലെങ്ത് പന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്നതായിരുന്നു. ഡീപ് മിഡ്വിക്കറ്റില്‍ കേദാര്‍ യാദവിന്റെ കൈയിലൊതുങ്ങി. അധികം വൈകാതെ സ്മിത്തും കുല്‍ദീപിന്റെ ഇരയായി മടങ്ങി. ചഹലും ബുമ്രയും മധ്യനിരയെയും ഇളക്കി.

ബൌളിങ്ങില്‍ അച്ചടക്കം കാട്ടിയ ഇന്ത്യ ഫീല്‍ഡിലും തിളങ്ങി.  ബുമ്രയുടെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ബൌണ്ടറിയില്‍ പിടിച്ച് പുറത്താക്കിയ മനീഷ് പാണ്ഡെയുടെ ഗംഭീരന്‍ ക്യാച്ച് ഇന്ത്യയുടെ ഫീല്‍ഡിങ് മികവിന് അടിവരയിട്ടു.

Categories