13 November Tuesday

ഫിഫയുടെ മികച്ച താരം നെയ്മർ പട്ടികയിൽ ഇല്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018


സൂറിച്ച് > ഫിഫയുടെ മികച്ച ഫുട്ബോൾതാരത്തിനുള്ള പട്ടികയിൽ ബ്രസീൽതാരം നെയ്മറിന് ഇടമില്ല. 10 കളിക്കാരുടെ സാധ്യതാ പട്ടികയാണ് ഫിഫ പുറത്തിറക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും കിലിയൻ എംബാപ്പെയും പട്ടികയിലുണ്ട്. മികച്ച വനിതാ താരം, പരിശീലകൻ എന്നിവരുടെ സാധ്യതാ പട്ടികയും ഫിഫ പുറത്തിറക്കി. കഴിഞ്ഞവർഷം ജൂലൈ ഏഴുമുതൽ ഈ വർഷം ജൂലൈ 15 വരെയുള്ള പ്രകടനം കണക്കിലെടുത്താണ് കളിക്കാരെ തെരഞ്ഞെടുക്കുക.  സെപ്തംബർ 24നാണ് പ്രഖ്യാപനം.

പിഎസ്ജിക്കുവേണ്ടി കളിക്കുന്നതിനിടെ കാൽപ്പാദത്തിന് പരിക്കേറ്റ നെയ്മർക്ക് മൂന്നുമാസം പുറത്തിരിക്കേണ്ടിവന്നിരുന്നു.  മാർച്ചിൽ കളംവിട്ട നെയ്മർ ലോകകപ്പിലാണ് തിരിച്ചെത്തിയത്. ലോകകപ്പിൽ രണ്ട് ഗോൾ നേടിയെങ്കിലും പ്രകടനം മികച്ചതായിരുന്നില്ല.
കഴിഞ്ഞ രണ്ടുതവണയും റൊണാൾഡോയ്ക്കായിരുന്നു പുരസ്കാരം. ഇക്കുറിയും സാധ്യതാപട്ടികയിൽ മുന്നിലാണ് ഈ പോർച്ചുഗൽ താരം. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനുവേണ്ടി ക്ലബ്് ലോകകപ്പും ചാമ്പ്യൻസ് ലീഗും റൊണാൾഡോ നേടി. ഈ സീസണിൽ റയൽവിട്ട് യുവന്റസിലാണ് റൊണാൾഡോ. ലോകകപ്പിൽ പോർച്ചുഗൽ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും റൊണാൾഡോ നാലു ഗോൾ നേടിയിരുന്നു.
മെസി ബാഴ്സലോണയ്ക്കുവേണ്ടി സ്പാനിഷ് ലീഗ്, കിങ്സ് കപ്പ് കിരീടങ്ങൾ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിലെ പെട്ടെന്നുള്ള പുറത്താകൽ തിരിച്ചടിയായി. ലോകകപ്പിൽ അർജന്റീനയ്ക്കുവേണ്ടിയും മികച്ച കളിയായിരുന്നില്ല.

ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസിന്റെ മൂന്നു കളിക്കാരാണ് പട്ടികയിൽ. ലോകകപ്പിലെ യുവതാരമായി തെരഞ്ഞെടുത്ത എംബാപ്പെയ്ക്ക് (പിഎസ്ജി) പുറമെ ഒൺട്വാൻ ഗ്രീസ്മാൻ (അത്ലറ്റികോ മാഡ്രിഡ്), റാഫേൽ വരാനെ (റയൽ മാഡ്രിഡ്) എന്നിവരും പട്ടികയിൽ ഇടംനേടി. ലോകകപ്പിലെ മികച്ച താരമായ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും (റയൽ മാഡ്രിഡ്) പട്ടികയിലുണ്ട്. ഗോളടിക്കാരനുള്ള പുരസ്കാരം കിട്ടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും (ടോട്ടനം ഹോട്സ്പർ) ഉൾപ്പെട്ടു. കെവിൻ ഡി ബ്രയ്ൻ (ബൽജിയം/മാഞ്ചസ്റ്റർ സിറ്റി), ഏദെൻ ഹസാർഡ് (ബൽജിയം/ചെൽസി), മുഹമ്മദ് സലാ (ഈജിപ്ത്/ലിവർപൂൾ) എന്നിവരാണ് സാധ്യതാപട്ടികയിലെ മറ്റ് കളിക്കാർ.

മികച്ച പരിശീലകർക്കുള്ള പട്ടികയിൽ മാസിമില്ലാനോ അല്ലെഗ്രി (യുവന്റസ്), സ്റ്റാനിസ്ലാവ് ചെർചെസേവ് (റഷ്യ), സ്ലാട്കോ ഡാലിച്ച് (ക്രൊയേഷ്യ), ദിദിയർ ദെഷാം (ഫ്രാൻസ്), പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി), യുർഗൻ ക്ലോപ്പ് (ലിവർപൂൾ), റോബർട്ടോ മാർടിനെസ് (ബൽജിയം), ദ്യേഗോ സിമിയോണി (അത്ലറ്റികോ മാഡ്രിഡ്), ഗാരെത് സൗത്ഗേറ്റ് (ഇംഗ്ലണ്ട്), ഏണെസ്റ്റോ വാൽവെർദെ (ബാഴ്സലോണ), സിനദിൻ സിദാൻ (റയൽ മാഡ്രിഡ്) എന്നിവർ ഇടംനേടി.

പ്രധാന വാർത്തകൾ
Top