20 October Saturday
കർണാടക ചാമ്പ്യൻമാർ

ദേശീയ നീന്തൽ: വാട്ടർപോളോ വനിതാ കിരീടം കേരളത്തിന്‌

വിഷ്‌ണുപ്രസാദ്‌Updated: Monday Sep 24, 2018

വനിതാ വാട്ടർപോളോയിൽ സ്വർണംനേടിയ കേരള ടീം ഫോട്ടോ: ജി പ്രമോദ്‌

തിരുവനന്തപുരം
ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 227 പോയിന്റോടെ കർണാടകം കിരീടം നിലനിർത്തി. ദേശീയ നീന്തൽ ഫെഡറേഷൻ (202 പോയിന്റ്) രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞവർഷത്തെ രണ്ടാം സ്ഥാനക്കാരായ റെയിൽവേസ് ഇത്തവണ മൂന്നാമതായി. 140 പോയിന്റ് റെയിൽവേ നേടി. 55 പോയിന്റോടെ കേരളം ഏഴാമതാണ്. പങ്കെടുത്ത അഞ്ചിനത്തിലും ദേശീയ റെക്കോഡോടെ അജയ്യനായ കേരളത്തിന്റെ സജൻ പ്രകാശും രണ്ട് ദേശീയ റെക്കോഡുകളോടെ മൂന്ന് സ്വർണം നേടിയ കർണാടകത്തിന്റെ സലോനി ദലാലും മികച്ച താരങ്ങളായി.

അവസാനനാൾ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളൈയിൽ സജൻ പ്രകാശ് സ്വന്തം റെക്കോഡ് തിരുത്തി. 1:59.12 മിനിറ്റ് എന്ന കഴിഞ്ഞ വർഷത്തെ സമയം 1:57.73 ആക്കിയാണ് തിരുത്തിയത്. പങ്കെടുത്ത അഞ്ചിനത്തിലും ദേശീയ റെക്കോഡ് സൃഷ്ടിച്ചാണ് സജൻ കേരളത്തിന് അഞ്ച് സ്വർണം സമ്മാനിച്ചത്. ഞായറാഴ്ച വനിതകളുടെ വാട്ടർപോളോയിലും കേരളം സ്വർണം നേടി. ഫൈനലിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ചു.

വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഹരിയാനയുടെ ശിവാനി ഖട്ടാരിയ ദേശീയ റെക്കോഡ് കുറിച്ചു. 4:30.78 മിനിറ്റിലാണ് ശിവാനി ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ മധ്യപ്രദേശിന്റെ അെെദ്വത് പാഗേ പുതിയ ദേശീയ റെക്കോഡോടെ സ്വർണം നേടി. പഴയ റെക്കോഡുകാരനായ റെയിൽവേയുടെ സൗരഭ് സങ് വെകറിനോടൊപ്പമാണ് പാഗേ മത്സരിച്ചത്. എന്നാൽ സങ് വെകറിന് വെങ്കലംപോലും നേടാനായില്ല.

വനിതകളുടെ 400 മീറ്റർ ബട്ടർഫ്ളൈയിൽ ഹരിയാനയുടെ ശിവാനി കട്ടാരിയ സ്വർണം നേടി. വനിതകളുടെ 200 മീറ്റർ ബട്ടർഫ്ളൈയിലാണ് റിച്ചാ മിശ്ര അഞ്ചാം സ്വർണം നേടിയത്. 4:30.78 മിനിറ്റിലാണ് റിച്ച ഫിനിഷ് ചെയ്തത്. 2011ൽ സ്ഥാപിച്ച സ്വന്തം റെക്കോഡ് തിരുത്താൻ റിച്ചക്കായില്ല. പുരുഷൻമാരുടെ 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ  കർണാടകത്തിന്റെ ശ്രീഹരി നടരാജ് തന്റെ റെക്കോഡ് തിരുത്തി. 57.20 സെക്കൻഡ്് എന്ന കഴിഞ്ഞ വർഷത്തെ സമയം 56.53 ആക്കി.

വനിതകളുടെ 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഗുജറാത്തിന്റെ മാനാ പട്ടേലും സ്വന്തം റെക്കോഡ് പുതുക്കി. 1:04.40 എന്ന 2015ലെ സമയമാണ് മാന 1:04:33 ആക്കി പുതുക്കിയത്. 4‐50 മീറ്റർ മിക്സഡ് മെഡ്ലേയിൽ കർണാടകം സ്വർണം നേടി. ദേശീയ നീന്തൽ ഫെഡറേഷനാണ് വെള്ളി. പുരുഷൻമാരുടെ വാട്ടർപോളോ ഫൈനലിൽ റെയിൽവേ സർവീസസിനെ പരാജയപ്പെടുത്തി.

19 പുതിയ ദേശീയ  റെക്കോഡുകൾ ചാമ്പ്യൻഷിപ്പിൽ പിറന്നു. അതിൽ അഞ്ചും സജൻ പ്രകാശിന്റെ വക. ആറ് താരങ്ങൾ ചൈനയിൽ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.


പ്രധാന വാർത്തകൾ
Top