14 November Wednesday

ഏഷ്യൻ ഗെയിംസ്‌ : ടെന്നീസിലും തുഴച്ചിലിലും സ്വർണം

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 

ജക്കാർത്ത
ഏഷ്യൻ ഗെയിംസ് ആറാംദിനം ഇന്ത്യക്ക് രണ്ട് സ്വർണം. ടെന്നീസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപണ്ണ‐ദിവിജ് ശരൺ സഖ്യം സ്വർണംനേടി. തുഴച്ചിലിലാണ് രണ്ടാം സ്വർണം. ഒരു വെള്ളിയും നാല് വെങ്കലവുംകൂടി ആറാംദിനം ഇന്ത്യ സ്വന്തമാക്കി. ആകെ ആറ് സ്വർണവും അഞ്ച് വെള്ളിയും 14 വെങ്കലവുമുൾപ്പെടെ 25 മെഡലുകളുമായി ഇന്ത്യ എട്ടാമതാണ്. 66 സ്വർണമുൾപ്പെടെ 239 മെഡലുകളുമായി ചൈന ഒന്നാമത് തുടർന്നു.

തുഴച്ചിലിൽ സ്വർണത്തിനുപുറമെ രണ്ട് വെങ്കല മെഡൽകൂടി കിട്ടി. വനിതാ കബഡിയിൽ െെഫനലിൽ ഇറാനോട് തോറ്റ് വെള്ളിയിലൊതുങ്ങി. ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലംനേടി. ടെന്നീസ് പുരുഷ സിംഗിൾസിൽ പ്രജ്നേഷ് ഗുണ്ണേശ്വരനും വെങ്കലമാണ്. സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ, സൗരവ് േഘാഷൽ എന്നിവർ സെമിയിൽ കടന്ന് മെഡൽ ഉറപ്പാക്കി. ഹോക്കിയിൽ ജപ്പാനെ എട്ട്‌ ഗോളിന്‌ േതാൽപ്പിച്ച്‌  ഇന്ത്യ സെമിക്കരികെ എത്തി.

ടെന്നീസ് പുരുഷ ഡബിൾസിൽ ബൊപണ്ണ‐ദിവിജ് സഖ്യം എളുപ്പത്തിൽ കിരീടംചൂടി. ഫൈനലിൽ കസാക്കിസ്ഥാന്റെ അലെക്സാണ്ടർ ബുബ്ലിക്‐ഡെനിസ് യെവ്സെയെവ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു (6‐3, 6‐4). 52 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു.

സിംഗിൾസിൽ പ്രജ്നേഷിന് ഫൈനലിലേക്ക് മുന്നേറാനായില്ല. സെമിയിൽ കസാക്കിസ്ഥാന്റെ ഡെനിസ് ഇസ്തമിൻ നേരിട്ടുള്ള സെറ്റുകളിൽ പ്രജ്നേഷിനെ തോൽപ്പിച്ചു (6‐2, 6‐2). തോറ്റെങ്കിലും സെമിയിൽ കടന്നതിന്റെ മികവിന് പ്രജ്നേഷിന് വെങ്കലം കിട്ടി. ടെന്നീസിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. വനിതാ സിംഗിൾസിൽ അങ്കിത റെയ്നയും വെങ്കലം നേടിയിരുന്നു.

തുഴച്ചിലിൽ ആദ്യദിനത്തിലെ നിരാശയ്ക്കുശേഷം ഇന്ത്യ തിരിച്ചുവന്നു. പുരുഷന്മാരുടെ ക്വാഡ്രപ്പ്ൾ സ്കൾസിൽ ഒന്നാമതെത്തി.  ദത്തു ബാബൻ ഭൊക്കാനൽ, സവർണ് സിങ്, ഓംപ്രകാശ്, സുഖ്മീത് സിങ് എന്നിവരുൾപ്പെട്ട സംഘം 6:17.13 സമയത്തിൽ സ്വർണം നേടി. ലെയ്റ്റ്വെയ്റ്റ് സ്കൾസിൽ ദുഷ്യന്ത് സിങ്ങും ഡബിൾസിൽ രോഹിത് കുമാർ‐ഭഗവാൻ സിങ് സഖ്യവും വെങ്കലം നേടി.

ഷൂട്ടിങ്ങിൽ ഇന്ത്യ മെഡൽക്കൊയ്ത്ത് തുടർന്നു. അവസാന റൗണ്ടിൽ 219.2 പോയിന്റ് നേടിയാണ് ഹീന മൂന്നാമതെത്തിയത്. ചൈനയുടെ വാങ് ക്വിയാനാണ് സ്വർണം.
കോമൺവെൽത്ത് ഗെയിംസിൽ തിളങ്ങിയ മനു ഭാകെർ നിരാശപ്പെടുത്തി. ഇന്ത്യൻ താരത്തിന് അഞ്ചാമതെത്താനേ കഴിഞ്ഞുള്ളൂ. എയർ റൈഫിളിലും ഈ പതിനാറുകാരിക്ക് മെഡൽ കിട്ടിയില്ല.

സ്ക്വാഷിൽ മികച്ച പ്രകടനമായിരുന്നു. ദീപിക ജപ്പാന്റെ മിസാകി കൊബയാഷിയെ തോൽപ്പിച്ചാണ് സെമിയിലെത്തിയത്. ജോഷ്ന ഹോങ് കോങ്ങിന്റെ ഹു ലിങ് ചാനിനെ മറികടന്നു. സൗരവ് ഘോഷൽ ഇന്ത്യയുടെതന്നെ ഹരീന്ദർ പാൽസിങ്ങിനെ തോൽപ്പിച്ചു.

ബോക്സിങ് 52 കിലോ വിഭാഗത്തിൽ ഗൗരവ് സോളങ്കി പുറത്തായി. 69 കിലോയിൽ മനോജ്കുമാർ രണ്ടാം റൗണ്ടിലെത്തി. ജിംനാസ്റ്റിക്സിൽ ദിപ കർമാക്കറും നിരാശപ്പെടുത്തി. ബാലൻസ് ബീം ഫൈനലിൽ അഞ്ചാമതായി ദിപ.
 

പ്രധാന വാർത്തകൾ
Top