17 November Saturday

ഏഷ്യൻ ഗെയിംസ്‌ : വിഹാന് വെളളി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018



ജക്കാർത്ത
ഏഷ്യൻ ഗെയിംസ് അഞ്ചാംദിനം ഇന്ത്യക്ക് പൊന്നില്ല. ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഷൂട്ടിങ്ങിലാണ് വെള്ളി. പതിനഞ്ചുകാരൻ ശർദുൾ വിഹാൻ ഡബിൾ ട്രാപ്പ് ഇനത്തിൽ വെള്ളി സ്വന്തമാക്കി. ടെന്നീസിൽ അങ്കിത റെയ്ന വെങ്കലം നേടി. പുരുഷ കബഡിയിൽ സെമിയിൽ തോറ്റ് ഇന്ത്യ വെങ്കലത്തിലൊതുങ്ങി. ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യ മെഡൽ ഉറപ്പാക്കി. ബാസ്കറ്റ്ബോളിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ വനിതാ ടീം തോറ്റു. ബാഡ്മിന്റണിൽ പി വി സിന്ധുവും സൈന നെഹ്വാളും ആദ്യജയം കുറിച്ചു.

നാലുവീതം സ്വർണവും വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 18 മെഡലുകളുമായി ഇന്ത്യ പത്താമതാണ്. 55 സ്വർണമുൾപ്പടെ 116 മെഡലുകളുള്ള ചൈന ഒന്നാമത് തുടരുന്നു.
ഷൂട്ടിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം തുടർന്നു. യുവതാരങ്ങളാണ് മെഡൽ നേടിയവരിൽ ഏറെയും. ഡബിൾ ട്രാപ്പിൽ ദേശീയ ചാമ്പ്യനാണ് വിഹാൻ. ഫൈനലിൽ 73 പോയിന്റുമായി വിഹാൻ രണ്ടാമതെത്തി. ദക്ഷിണ കൊറിയയുടെ ഹ്യുൻ വ്യൂവിനാണ് സ്വർണം.

ടെന്നീസ്  വനിതാ സിംഗിൾസ് സെമിയിൽ അങ്കിത തോറ്റെങ്കിലും വെങ്കലംകിട്ടി. ചൈനയുടെ ഷാങ് ഷൂയിയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി (6‐1, 7‐2). പുരുഷ ഡബിൾസിൽ രോഹൻ ബൊപണ്ണ‐ദിവിജ് ശരൺ സഖ്യം ഫൈനലിലെത്തി. സെമിയിൽ ജപ്പാന്റെ യുസുഗി കെയ്തോ‐ഷിമ ഷോ സഖ്യത്തെ മൂന്ന് സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു (4‐6, 6‐3, 10‐8). മിക്സഡ് ഡബിൾസിൽ ബൊപണ്ണ‐അങ്കിത സഖ്യം ക്വാർട്ടറിൽ തോറ്റു.  പുരുഷ സിംഗിൾസിൽ പ്രജ്നേഷ് ഗുണേശ്വരൻ സെമിയിൽ കടന്നു. ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺവൂവിനെ മൂന്ന് സെറ്റ് മത്സരത്തിൽ മറികടന്നാണ് പ്രജ്നേഷ് മെഡൽ ഉറപ്പാക്കിയത്.

ബാഡ്മിന്റണിൽ ലോക ചാമ്പ്യൻഷിപ് വെള്ളി മെഡൽ ജേത്രി സിന്ധുവിന് തുടക്കം കടുത്തതായിരുന്നു. വിയത്നാമിന്റെ വു തിത്രാംഗിനോട് മൂന്ന് ഗെയിം കളിച്ചാണ് സിന്ധു ജയം നേടിയത് (21‐10, 12‐21, 23‐21). സൈന എളുപ്പത്തിൽ ജയംനേടി. ഇറാന്റെ അചെയ്ഹാജിയാഗ സൊറായയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കി (21‐7, 21‐9). വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലും പുറത്തായി. പുരുഷ ഡബിൾസിൽ ആദ്യ മത്സരങ്ങൾ ജയിച്ചു. അമ്പെയ്ത്ത് ടീം നിരാശപ്പെടുത്തി. പുരുഷന്മാരിൽ അതാനു ദാസ് ക്വാർട്ടറിൽ പുറത്തായി. വനിതകളിൽ ദീപിക കുമാരി പ്രീ ക്വാർട്ടറിൽ മടങ്ങി. വനിതാ ബാസ്കറ്റ്ബോളിൽ അവസാന നിമിഷംവരെ പൊരുതിയ ഇന്ത്യ ഇന്തോനേഷ്യയോട് തോറ്റു (66‐69).

സ്ക്വാഷിൽ സൗരവ് ഘോഷൽ, ഹരീന്ദർ പാൽ സിങ് സന്ധു, മലയാളി താരം ദീപിക പള്ളിക്കൽ എന്നിവർ മുന്നേറി. നീന്തലിൽ വീർധവാൽ ഖാഡെയ്ക്കും ശ്രീഹരി നടരാജനും മെഡൽ മേഖലയിൽ എത്താനായില്ല.

പ്രധാന വാർത്തകൾ
Top