16 November Friday

അണ്ടർ 16 ടീമിന്റെ ജയം കേരളത്തിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


ന്യൂഡൽഹി
അണ്ടർ 16 ഫുട്ബോളിൽ കാമറൂണിനെതിരായ ജയം ഇന്ത്യൻ കുട്ടികൾ കേരളത്തിന് സമർപ്പിച്ചു. പ്രളയക്കെടുതിയിലുള്ള കേരളത്തിന് ഈ ജയം സമർപ്പിക്കുന്നതായി കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു. 'ഞങ്ങളുടെ ഹൃദയം കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ഓരോ നിമിഷവും അവർക്കുവേണ്ടി പ്രാർഥിക്കുന്നു. രക്ഷാപ്രവർത്തകരെയും സൈന്യത്തെയും അഭിവാദ്യം ചെയ്യുന്നു' ‐ഫെർണാണ്ടസ് മത്സരശേഷം പറഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.

ടീമിലുള്ള ഷബാസ് അഹമ്മദ് മൂത്തേടത്ത് മലപ്പുറം സ്വദേശിയാണ്. ഷബാസിന്റെ കുടുംബത്തിനും പ്രളയത്തിൽ നഷ്ടങ്ങളുണ്ടായി. 'എന്റെ കുടുംബത്തെയും പ്രളയം ബാധിച്ചു. പക്ഷേ, കുടുംബം സുരക്ഷിതരാണ്. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നു. എന്റെ മനസ് കേരളത്തിനൊപ്പമാണ്‐ ഷബാസ് പറഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഷബാസിന്റേത്.

പ്രധാന വാർത്തകൾ
Top