13 November Tuesday
ലാ ലിഗ വേൾഡ്‌ ഇന്നുമുതൽ: രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സ് 2ൽ തത്സമയം

ബ്ലാസ്റ്റേഴ്സ് ഇന്ന്‌ മെൽബൺ സിറ്റിക്കെതിരെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ പരിശീലനം നടത്തുന്നു



കൊച്ചി
ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീസീസൺ ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് കിക്കോഫ്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഓസ്ട്രേലിയൻ എ ലീഗ് ടീം മെൽബൺ സിറ്റി എഫ്സിയെ നേരിടും. സ്പാനിഷ് ലീഗ് ക്ലബ് ജിറോണ എഫ്സിയാണ് ടൂർണമെന്റിലെ മൂന്നാമത്തെ ടീം.

ഐഎസ്എൽ പുതിയ സീസണിനു മുന്നോടിയുള്ള ഒരുക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.   രണ്ടാഴ്ചയോളം അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയത്തിൽ പരിശീലനം നടത്തിയശേഷമാണ് ബ്ലാസ്റ്റഴേ്സ് ഇറങ്ങുന്നത്. 31 അംഗ ബ്ലാസ്റ്റേഴ്സ് ടീമിൽ 11 മലയാളികളുണ്ട്. പുതുതായി ടീമിലെത്തിയ സ്ലൊവേനിയൻതാരം മാറ്റെജ് പൊപ്ലാനിച്ച്, സെർബിയൻ സ്ട്രൈക്കർ സ്ലാവിയ സ്റ്റജനോവിച്ച് എന്നിവരെ മുന്നിൽനിർത്തിയാകും ഡേവിഡ് ജെയിംസ് ടീമിനെ വിന്യസിക്കുക. ഫ്രഞ്ച് പ്രതിരോധക്കാരൻ സിറിൽ കാലിയാണ് ടീമിൽ പുതുതായി എത്തിയ മറ്റൊരു വിദേശതാരം. അതേസമയം, പരിക്കേറ്റ സ്ട്രൈക്കർ സി കെ വിനീത് ഇന്ന് കളിക്കില്ലെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. താടിയെല്ലിനു പരിക്കേറ്റ വിനീതിന് രണ്ടു മത്സരവും നഷ്ടമാകും. 'സീസണിനുമുമ്പ് ടീം കൂടിച്ചേരുന്നതിന് മികച്ച അവസരമാണ് ടൂർണമെന്റ്. മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നത്'‐ ജെയിംസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ മലയാളിതാരം അനസ് എടത്തൊടിക അരങ്ങേറിയേക്കും. അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിങ്ങാകും ഗോൾവലയ്ക്കുമുമ്പിൽ.

കഴിഞ്ഞ എ ലീഗ് സീസണിൽ മൂന്നാംസ്ഥാനക്കാരായ മെൽബൺ സിറ്റി പ്രീസീസൺ വിജയത്തോടെ പുതിയ സീസണിലും മികച്ച  പ്രകടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ലോകകപ്പിൽ ഓസ്ട്രേലിയക്കായി കളിച്ച ഡാനിയൽ അർസാനി ടീമിൽ ഇല്ലെങ്കിലും മികച്ച നിരയുമായാണ് ഇവർ കൊച്ചിയിലെത്തിയിരിക്കുന്നത്.  ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്തിൽ നേരിടുന്നത് കടുപ്പമാകുമെന്ന് സിറ്റി പരിശീലകൻ വറേൻ ജോയ്സ് പറഞ്ഞു. കൊച്ചിയിലെത്തിയ ടീം രണ്ടുദിവസമായി പരിശീലനം നടത്തി.

പ്രധാന വാർത്തകൾ
Top